ഇറാന്‍ ഭീഷണി; ആണവായുധ സാധ്യത തള്ളാനാവില്ലെന്ന് സൗദി അറേബ്യ

റിയാദ്: ഇറാന്‍ ആണവഭീഷണിയായി മാറിയാല്‍ തങ്ങളും ആണവായുധം കൈവശപ്പെടുത്താനുള്ള സാധ്യതയുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍. റോയിറ്റേഴ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെതിരേയുള്ള ഉപരോധം നീക്കുന്നത് ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വന്‍ ശക്തികളുമായുള്ള ഇറാന്റെ ധാരണ നിലനില്‍ക്കെ അവര്‍ ആറ്റംബോംബ് കൈവശപ്പെടുത്തിയാല്‍ അത്തരമൊന്ന് നേടാനുള്ള ശ്രമം സൗദി നടത്തുമോ എന്ന ചോദ്യത്തിന് തങ്ങളുടെ ജനതയെ സംരക്ഷിക്കാന്‍ ആവശ്യമായത് എന്താണോ അത് ചെയ്യുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പാശ്ചാത്യ ഉപരോധം ഒഴിവാക്കുന്നതിലൂടെ ലഭ്യമാകുന്ന മരവിപ്പിക്കപ്പെട്ടു കിടന്ന ഇറാന്റെ ഫണ്ടുകള്‍ നാട്ടുകാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തുന്നതെങ്കില്‍ സ്വാഗതം ചെയ്യുന്നതായും ജുബൈര്‍ വ്യക്തമാക്കി.
മറിച്ച് നീചമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇറാന്‍ ഭരണകൂടം അതുപയോഗപ്പെടുത്തുന്നതെങ്കില്‍ വിപരീത ഫലമായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഉപരോധം നീക്കുന്നതിലൂടെ ലഭ്യമാവുന്ന കോടിക്കണക്കിന് ഡോളറുകള്‍ സായുധഗ്രൂപ്പുകള്‍ക്കുള്ള ഫണ്ടായി മാറുമെന്ന് സൗദികളും ഇസ്രായേലികളും യുഎസ് നിയമവിദഗ്ധരും ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്.
ഭീകരബന്ധം ആരോപിച്ച് പ്രമുഖ ശിയാ നേതാവിനെ വധിച്ചതിനെ തുടര്‍ന്ന് ഇറാനും സൗദിക്കുമിടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. വധശിക്ഷയെ തുടര്‍ന്ന് തെഹ്‌റാനിലെ സൗദി എംബസിക്ക് നേരെ ആക്രമണമുണ്ടാവുകയും സൗദി ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it