World

ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

തെഹ്‌റാന്‍: 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മധ്യ ദൂര മിസൈലിന്റെ പരീക്ഷണ വിക്ഷേപണം ഇറാന്‍ വിജയകരമായി പൂര്‍ത്തിയാക്കി. രണ്ടാഴ്ചമുമ്പാണ് പരീക്ഷണം നടത്തിയതെന്ന് സൈനികോദ്യോഗസ്ഥന്‍ ബ്രിഗേഡിയര്‍ ജനറല്‍ അലി അബ്ദുല്ലാഹിയെ അറിയിച്ചതായി ഇറാനിലെ തസ്‌നീം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. അതേസമയം, നേരത്തേ നടത്തിയ ചില ആയുധപരീക്ഷണങ്ങള്‍ യുഎന്‍ പ്രമേയം ലംഘിച്ചതിനാല്‍ ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ വിക്ഷേപിക്കുന്നതില്‍ ഇറാന് തടസ്സമുള്ളതായി യുഎസും ചില യൂറോപ്യന്‍ രാജ്യങ്ങളും പ്രതികരിച്ചു. എന്നാല്‍, ആണവായുധങ്ങള്‍ വഹിക്കാന്‍ വേണ്ടി രൂപപ്പെടുത്തിയതല്ല മിസൈലെന്ന് ഇറാന്‍ വ്യക്തമാക്കി. മാര്‍ച്ചില്‍ രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ പരീക്ഷിച്ചിരുന്നു. ഇതില്‍ ഒന്ന് ഇസ്രായേല്‍ തീര്‍ച്ചയായും തുടച്ചുനീക്കപ്പെടും എന്ന മുദ്രാവാക്യത്തോട് കൂടിയായിരുന്നതിനാല്‍ ആഗോളതലത്തില്‍ ഇറാന്റെ നടപടി വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഈ പരീക്ഷണങ്ങളെത്തുടര്‍ന്ന് ഇറാനെതിരേ യുഎസ് പുതിയ ഉപരോധങ്ങള്‍ ചുമത്തിയിരുന്നു. ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, യുഎസ്, ജര്‍മനി എന്നീ രാജ്യങ്ങളുമായുള്ള ആണവകരാര്‍ ഇറാന്‍ നടപ്പില്‍ വരുത്താന്‍ ആരംഭിച്ച പശ്ചാത്തലത്തിലായിരുന്നു യുഎസിന്റെ നടപടി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മിസൈലുകളുടെ ദൂരപരിധിയും കൃത്യതയും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇറാന്‍ നടത്തിയിരുന്നു. ഇസ്രായേലിനെതിരേ മികച്ച പ്രതിരോധം തീര്‍ക്കാന്‍ പുതിയ മിസൈലുകള്‍ക്കാവുമെന്നായിരുന്നു മാര്‍ച്ചിലെ പരീക്ഷണത്തെക്കുറിച്ച് ഇറാന്റ പ്രതികരണം. ശത്രുക്കളില്‍ നിന്നുള്ള ഭീഷണി ചെറുക്കേണ്ടതിനാല്‍ മിസൈല്‍ വികസനത്തിന് ഇറാന്റെ ഭാവിയില്‍ നിര്‍ണായക പ്രാധാന്യമുണ്ടെന്ന് രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it