ഇറാന്‍ തിരഞ്ഞെടുപ്പ്: പരിഷ്‌കരണവാദികള്‍ക്ക് മുന്‍തൂക്കം

തെഹ്‌റാന്‍: കഴിഞ്ഞ ദിവസം നടന്ന ഇറാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ അനൗദ്യോഗിക ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ പരിഷ്‌കരണവാദികള്‍ക്കും യാഥാസ്ഥിതിക മിതവാദികള്‍ക്കും മുന്‍തൂക്കം. തന്റെ അജണ്ടകള്‍ മുന്നോട്ടു കൊണ്ടുപോവാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിക്ക് പ്രോല്‍സാഹനം നല്‍കുന്നതാണ് ആദ്യഫലസൂചനകള്‍. എന്നാല്‍, തിരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ മൂന്നു പ്രബല കക്ഷികള്‍ക്കും 290 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണു സൂചന.
അതേസമയം, അംഗബലം വര്‍ധിക്കുന്നതിലൂടെ ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കംകുറിക്കാനാവുമെന്നാണ് പരിഷ്‌കരണവാദികളുടെ കണക്കുകൂട്ടല്‍. വോട്ടെണ്ണലിന്റെ ഔദ്യോഗികഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അര്‍ധ ഔദ്യോഗിക വൃത്തങ്ങളുടെ ഭാഗമായ ഫാര്‍സ്, മെഹര്‍ വാര്‍ത്താ ഏജന്‍സികളും അസോസിയേറ്റഡ് പ്രസും തിരഞ്ഞെടുപ്പില്‍ യാഥാസ്ഥിതികര്‍ക്ക് വന്‍ തിരിച്ചടി നേരിട്ടതായി റിപോര്‍ട്ട് ചെയ്യുന്നു.
സമ്മതിദായക ബാഹുല്യം മൂലം വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിന് മൂന്നു തവണ സമയം കൂടുതല്‍ അനുവദിച്ചിരുന്നു. പലയിടത്തും കനത്ത പോളിങാണ് ഉണ്ടായത്. രാജ്യത്തിനെതിരേയുണ്ടായിരുന്ന സാമ്പത്തിക ഉപരോധം എടുത്തുകളഞ്ഞ് കഷ്ടിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് പുതിയ പാര്‍ലമെന്റിലേക്കും പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള വിദഗ്ധ സമിതിയിലേക്കും തിരഞ്ഞെടുപ്പ് നടന്നത്. 290 അംഗ പാര്‍ലമെന്റില്‍ 285 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ബാക്കി അഞ്ചു സീറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 196 മണ്ഡലങ്ങളില്‍നിന്നാണ് 285 സീറ്റിലേക്കുള്ള മല്‍സരം. 586 വനിതകളുള്‍പ്പെടെ 12,000 സ്ഥാനാര്‍ഥികളാണ് ജനവിധി തേടാന്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പകുതിയോളം പേര്‍ക്ക് തിരഞ്ഞെടടുപ്പ് സമിതി അയോഗ്യത കല്‍പ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it