Flash News

ഇറാനെതിരായ ഉപരോധം അമേരിക്കയും യൂറോപ്യന്‍ യൂണിയനും പിന്‍വലിച്ചു

വിയന്ന: ആണവപദ്ധതികള്‍ നിയന്ത്രിയ്ക്കാന്‍ തയ്യാറായതിനെത്തുടര്‍ന്ന് ഇറാനെതിരെയുള്ള ഉപരോധനടപടികള്‍ അമേരിക്കയും യൂറോപ്യന്‍ യൂനിയനും പിന്‍വലിച്ചു. ഇതോടെ എണ്ണവ്യാപാരം ഉള്‍പ്പടെയുള്ള മേഖലകളില്‍  ഇറാന് ഉണ്ടായിരുന്ന വിലക്കുകള്‍ നീങ്ങി.

[related]ജൂലൈയില്‍ ഒപ്പുവച്ച കരാറില്‍ മുന്നോട്ടുവച്ച എല്ലാ വ്യവസ്ഥകളും ഇറാന്‍ നടപ്പിലാക്കിക്കഴിഞ്ഞതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി വിയന്നയില്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് വിലക്കുകള്‍ അവസാനിക്കുന്നതായി അമേരിക്കയും യൂറോപ്യന്‍ യൂണിയനും അറിയിക്കുകയായിരുന്നു.

അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്കുകള്‍ നീക്കിക്കൊണ്ട് പ്രസിഡന്റ് ഒബാമ ഉത്തരവില്‍ ഒപ്പുവച്ചതോടെ ഇരു രാജ്യങ്ങളും തമ്മില്‍ തടവുകാരുടെ കൈമാറ്റവും നടക്കും. ആദ്യപടിയെന്ന നിലയില്‍ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടറായ ജേസണ്‍ റെസയാന്‍ അടക്കം നാല് അമേരിക്കന്‍ പൗരന്മാരെ ഇറാനും ഏഴ് ഇറാനിയന്‍ തടവുകാരെ അമേരിക്കയും മോചിപ്പിച്ചു.

പുതിയ സാഹചര്യത്തില്‍ ഇറാന് അമേരിക്ക നേരത്തെ മരവിപ്പിച്ചിരുന്ന 100 ബില്യണ്‍ ഡോളറും  ലഭിയ്ക്കും. ഇതിനെതിരെ അമേരിക്കയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it