ഇറാനുവേണ്ടി ചാരവൃത്തി: സൗദിയില്‍ 32 പേര്‍ക്കെതിരേ കേസെടുത്തു

റിയാദ്: ഇറാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന ആരോപണത്തില്‍ സൗദിയില്‍ അറസ്റ്റിലായ 32 പേര്‍ക്കെതിരേ കേസെടുത്തു. ഇന്നലെയാണ് രാജ്യത്തെ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പബ്ലിക് പ്രോസിക്യൂഷന്‍ ഇവരെ സൗദി സ്‌പെഷ്യല്‍ ക്രിമിനല്‍ കോടതിക്കു മുന്നില്‍ ഹാജരാക്കിയത്. കേസെടുത്തതില്‍ 30 പേരും സൗദി പൗരന്മാരാണ്. ഖത്തിഫില്‍ നിന്നുള്ള ശിയാവിഭാഗത്തില്‍പ്പെടുന്നവരാണ് ഇവരെല്ലാം. രണ്ടുപേര്‍ ഇറാന്‍, അഫ്ഗാന്‍ പൗരന്മാരാണ്. ഇറാനിയന്‍ രഹസ്യാന്വേഷണവിഭാഗവുമായി യോജിച്ച് ചാരസംഘടനയ്ക്ക് രൂപം നല്‍കിയെന്നും രാജ്യത്തെ സൈനികമേഖലകളെക്കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങള്‍ ശത്രുക്കള്‍ക്ക് കൈമാറിയെന്നുമാണ് ഇവര്‍ക്കെതിരേയുള്ള കേസ്. 2013ലാണ് ഇവര്‍ അറസ്റ്റിലാകുന്നത്. സംഭവത്തില്‍ യാതൊരു ബന്ധവുമില്ലെന്ന് ഇറാന്‍ അറിയിച്ചിരുന്നു. അതേസമയം, ഇവര്‍ ചാരവൃത്തിയില്‍ പങ്കാളികളായിട്ടുണ്ടെന്നതിന്റെ തെളിവുകളൊന്നും സൗദി പുറത്തുവിട്ടിട്ടില്ല.
Next Story

RELATED STORIES

Share it