ഇറാനില്‍ ഇസ്രായേല്‍ വിരുദ്ധ കാര്‍ട്ടൂണ്‍ മല്‍സരം ആരംഭിച്ചു

തെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ഇസ്രായേല്‍ വിരുദ്ധ കാര്‍ട്ടൂണ്‍ മല്‍സരം ആരംഭിച്ചു. ഇസ്രായേല്‍ സര്‍ക്കാരിന്റെ പശ്ചിമേഷ്യയോടുള്ള നയം വ്യക്തമാക്കുന്നതും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ആക്ഷേപിക്കുന്ന തരത്തിലുമുള്ള കാര്‍ട്ടൂണുകളാണ് മല്‍സരത്തില്‍ ക്ഷണിച്ചിരിക്കുന്നത്. ഇന്നലെ ആരംഭിച്ച പ്രദര്‍ശനത്തില്‍ 50 രാജ്യങ്ങളില്‍ നിന്നായി ലഭിച്ച 150 കാര്‍ട്ടൂണുകള്‍ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്.
ഫലസ്തീനികള്‍ നഖ്ബദിനം ആചരിക്കാന്‍ തയ്യാറെടുക്കുന്ന അവസരത്തിലാണ് പ്രദര്‍ശനം. 1948ലെ ഇസ്രായേല്‍ രൂപീകരണദിനമാണ് മഹാവിപത്തെന്ന നിലയില്‍ ഫലസ്തീനികള്‍ നഖ്ബ ദിനമായി ആചരിക്കുന്നത്. അതേസമയം, സര്‍ക്കാരിന്റെ പിന്തുണയില്ലാതെ സര്‍ക്കാര്‍ ഇതര സംഘടനയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരിഫ് അറിയിച്ചു.
നെതന്യാഹു ഐഎസ് ബന്ധമുള്ളയാളാണെന്ന് ചിത്രീകരിക്കുന്നതുള്‍പ്പെടുന്ന ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. കാര്‍ട്ടൂണിലൂടെ പ്രവാചകനിന്ദ നടത്തിയ ഫ്രഞ്ച് മാഗസിന്‍ ഷാര്‍ലി ഹെബ്ദോയ്ക്കുള്ള തിരിച്ചടിയാണ് ചിത്രപ്രദര്‍ശനമെന്ന് സംഘാടകനായ മസൂദ് ഷോജൈ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന കാര്‍ട്ടൂണിന് 12,000 ഡോളര്‍ പാരിതോഷികം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it