ഇറാഖി ജനത യുഎസിനെ ശത്രുവായി കാണുന്നുവെന്ന് സര്‍വേ

ന്യൂയോര്‍ക്ക്: ഇറാഖികളുടെ വിമോചനമെന്ന വാദമുയര്‍ത്തി രാജ്യത്ത് അധിനിവേശം നടത്തിയ യുഎസിനെ 90 ശതമാനം ഇറാഖികളും ശത്രുവായാണ് പരിഗണിക്കുന്നതെന്നു സര്‍വേ. സദ്ദാം ഹുസയ്‌നില്‍നിന്ന് ഇറാഖി ജനതയെ മോചിപ്പിക്കുന്നതിനായി നടത്തിയ അധിനിവേശം വന്‍ പരാജയമാണെന്നും സര്‍വേ വ്യക്തമാക്കുന്നു.
പ്രമുഖ പബ്ലിക് റിലേഷന്‍ ആന്റ് മാര്‍ക്കറ്റ് റിസര്‍ച്ചിങ് സ്ഥാപനമായ പെന്‍ സ്‌കോയന്‍ ബെര്‍ലാന്‍ഡിന്റെ സര്‍വേയാണ് യുഎസിനെതിരായ അറബ്ജനതയുടെ രോഷം പ്രതിഫലിപ്പിച്ചത്. മൂന്ന് ഇറാഖി പട്ടണങ്ങളിലെ 18നും 24നും ഇടയില്‍ പ്രായമുള്ള 250 പേരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് സര്‍വേ തയ്യാറാക്കിയത്. കൂടാതെ 15 അറബ് രാജ്യങ്ങളിലെ 3250ഓളം പേരുമായി കൂടിക്കാഴ്ചയും നടത്തി. ഇറാഖും യമനും ഫലസ്തീനും യുഎസിനെ ശത്രുവായാണ് കാണുന്നതെന്നു സര്‍വേ പറയുന്നു. എന്നാല്‍, ഗള്‍ഫ് രാജ്യങ്ങളിലെ ജനത യുഎസിനോട് അനുഭാവപൂര്‍ണമായ നിലപാടാണ് സ്വീകരിച്ചത്. യുഎസ് തങ്ങളുടെ ഏറ്റവും നല്ല സഖ്യരാജ്യമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ജിസിസി രാഷ്ട്രങ്ങളില്‍ 85 ശതമാനവും അമേരിക്കയെ നല്ല സഖ്യരാഷ്ട്രമായാണ് കരുതുന്നത്.
വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 66 ശതമാനവും ഈ അഭിപ്രായക്കാരാണ്. 2003ല്‍ സദ്ദാമിനെ അട്ടിമറിക്കാന്‍ യുഎസ് നടത്തിയ അധിനിവേശത്തിനു ശേഷം ഇറാഖ് ഇനിയെന്നും അമേരിക്കയുടെ സഖ്യരാജ്യമായിരിക്കുമെന്ന് അന്നത്തെ യുഎസ് വൈസ് പ്രസിഡന്റ് ഡിക് ചെനി വ്യക്തമാക്കിയിരുന്നു. എന്നാല്‍, യുഎസ് സ്വപ്‌നം തകര്‍ന്നടിയുന്നതാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന. സദ്ദാമിന്റെ പതനത്തിനു ശേഷം രാജ്യത്തു നിലനില്‍ക്കുന്ന ആഭ്യന്തരസംഘര്‍ഷങ്ങളില്‍ ലക്ഷങ്ങളാണു മരിച്ചുവീണത്.
ഇറാഖ് യുദ്ധം നടക്കുമ്പോള്‍ കുട്ടികളായിരുന്നവരിലാണ് ഇപ്പോള്‍ സര്‍വേ നടത്തിയത്. ഇതില്‍ പുരുഷ-സ്ത്രീ ഭേദമന്യേ അമേരിക്കയോടുള്ള പക അവര്‍ തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. അല്‍ ഖാഇദയുടെ അറേബ്യന്‍ ശൃംഖലയെ തകര്‍ക്കുക ലക്ഷ്യമിട്ട് അമേരിക്ക ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്ന യമനിലും ഭൂരിഭാഗം ജനങ്ങളും യുഎസിനെ ശത്രുവായാണ് കാണുന്നത്.
Next Story

RELATED STORIES

Share it