ഇറാഖിലെ ഫലുജ തിരിച്ചുപിടിക്കാനുള്ള ദൗത്യം; മൂന്നാംഘട്ട സൈനികനീക്കം ആരംഭിച്ചു

ബഗ്ദാദ്: ഫലൂജയില്‍ ഇറാഖ് സേനയുടെ മൂന്നാംഘട്ട സൈനികനീക്കം ആരംഭിച്ചു. 2014 മുതല്‍ ഐഎസ് നിയന്ത്രണത്തിലുള്ള നഗരം തിരിച്ചുപിടിക്കുന്നതിന് ഇറാഖ് സേനയുടെ നടപടികളുടെ അവസാനഘട്ടമാണിത്.
ഫലൂജയില്‍ ഐഎസിനെതിരായ ആക്രമണങ്ങള്‍ ആരംഭിച്ചതായി ഇറാഖ് സൈന്യം അറിയിച്ചു. നഗരത്തില്‍ ഐഎസിന്റെ 1200ലധികം പോരാളികളുള്ളതായാണ് വിവരം.
യുഎസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യസേനയുടെ പിന്തുണയോടെയാണ് ഇറാഖി സേന നഗരത്തില്‍ പ്രവേശിച്ചത്. ഫലൂജയ്ക്കു ചുറ്റുമായി നിലയുറപ്പിച്ച ഇറാഖി സൈന്യവും അന്‍ബാര്‍ പോലിസും തിങ്കളാഴ്ച കാലത്ത് മൂന്നു വഴികളിലൂടെ നഗരത്തിനകത്തു പ്രവേശിക്കുകയായിരുന്നുവെന്ന് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍വഹാബ് അല്‍സാദി പറഞ്ഞു.
ഫലൂജ ദൗത്യത്തിനിടെ ഐഎസ് ആക്രമണത്തില്‍ ഇറാഖി സേനയിലും സഖ്യത്തില്‍ പങ്കാളിയായ ശിയാ സായുധസംഘത്തിലുമുള്‍പ്പെട്ട 10 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടുകളുണ്ട്. ഫലൂജയില്‍നിന്നു 100 മീറ്റര്‍ മാറിയുള്ള റമാദിയില്‍ ഐഎസ് ആക്രമണത്തില്‍ 15 ഇറാഖി സൈനികര്‍ കൊല്ലപ്പെട്ടതായി പോലിസ് അറിയിച്ചു.
അതേസമയം ഫലൂജ നഗരത്തിലെ സിവിലിയന്‍മാരുടെ സുരക്ഷ സംബന്ധിച്ച ആശങ്ക തുടരുകയാണ്.
50,000ത്തോളം ഇറാഖികള്‍ നഗരത്തില്‍ കഴിയുന്നതായി സന്നദ്ധ സംഘടനകള്‍ അറിയിച്ചിരുന്നു. നഗരം വിട്ടുപോകാന്‍ സിവിലിയന്‍മാര്‍ക്ക് ഇറാഖ് സേന മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും 3000 പേര്‍ക്കു മാത്രമാണ് പുറത്തു കടക്കാനായത്.
Next Story

RELATED STORIES

Share it