ഇറാഖിലെയും സിറിയയിലെയും വിദേശഭടന്മാരുടെ എണ്ണം ഇരട്ടിയായി

ഹോങ്കോങ്: ഇറാഖിലെയും സിറിയയിലെയും സായുധസംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനായി യുദ്ധമുഖത്തേക്കെത്തുന്ന വിദേശഭടന്മാരുടെ എണ്ണം ഇരട്ടിയിലധികമായതായി റിപോര്‍ട്ട്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 86 രാജ്യങ്ങളില്‍ നിന്നായി 27,000 മുതല്‍ 31,000 വരെ വിദേശികള്‍ രാജ്യത്ത് അധികമായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ 5000ഓളം പേര്‍ യൂറോപ്പില്‍ നിന്നും 4700ഓളം പേര്‍ മുന്‍ സോവിയറ്റ് റിപബ്ലിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ്. കഴിഞ്ഞ വര്‍ഷം ഇത് 12,000 ആയിരുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര രഹസ്യ നിര്‍ദേശക സംഘടനയായ സൂഫാന്‍ ഗ്രൂപ്പാണ് റിപോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമായും ഐഎസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനായാണ് വിദേശികള്‍ മേഖലയിലേക്കെത്തുന്നത്. ഇവിടേക്കുള്ള വിദേശ സൈന്യത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ ലോകരാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ നിഷ്ഫലമാവുന്നതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ 18 മാസത്തിനിടെ പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു സായുധസംഘങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റുകളില്‍ ഇരട്ടി വര്‍ധനയാണുണ്ടായിരിക്കുന്നത്.
റഷ്യയില്‍ നിന്നും മധ്യഏഷ്യയില്‍ നിന്നുമുള്ളവരുടെ എണ്ണം 300 ശതമാനത്തോളം വര്‍ധിച്ചു. വടക്കേ അമേരിക്കയില്‍ നിന്നുള്ളവരുടെ നില മാറ്റമില്ലാതെ തുടരുകയാണ്. ഇവരില്‍ 20-30 ശതമാനം വിദേശികളും സ്വന്തം നാടുകളിലേക്കു തിരിച്ചെത്തുന്നതായും രാജ്യസുരക്ഷയ്ക്കു ഭീഷണിയുയര്‍ത്തുന്നതായും സംഘടന റിപോര്‍ട്ട് ചെയ്യുന്നു.
Next Story

RELATED STORIES

Share it