ഇറാഖികളുടെ ജീവിതം ദുരിതക്കയത്തില്‍: യുഎന്‍ റിപോര്‍ട്ട്

ന്യൂയോര്‍ക്ക്: സാധാരണക്കാരായ ഇറാഖികളുടെ ജീവിതം ഇപ്പോഴും ദുരിതക്കയത്തിലെന്നു യുഎന്‍.
2014 മുതല്‍ 2015 ഒക്ടോബര്‍ 31 വരെ രാജ്യത്ത് 18,802 പേരാണ് സ്‌ഫോടനങ്ങളിലും വെടിവയ്പിലും വ്യോമാക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലുമായി കൊല്ലപ്പെട്ടത്.
ഇക്കാലയളവില്‍ രാജ്യത്തെ ആഭ്യന്തര അഭയാര്‍ഥികളുടെ എണ്ണം 32 ലക്ഷം കവിയുമെ0ന്നും യുഎന്‍ പുറത്തുവിട്ട റിപോര്‍ട്ട് വ്യക്തമാക്കുന്നു. പരിക്കേറ്റവരുടെ എണ്ണം 36,200 കവിയും. രാജ്യത്ത് ആക്രമണം നടത്തിവരുന്ന ഐഎസ് സായുധസംഘം യസീദികളായ 3500 ഓളം സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമകളാക്കി ചൂഷണം ചെയ്യുന്നതായും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഐഎസിനെ കൂടാതെ, സൈന്യവും സൈന്യത്തെ പിന്തുണയ്ക്കുന്ന സായുധ സംഘങ്ങളും കുര്‍ദ് സൈന്യവും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി റിപോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്ത് അഭിമുഖീകരിക്കേണ്ടിവരുന്ന ഭീകരാനുഭവങ്ങളാണ് പ്രതികൂല സാഹചര്യത്തിലും യൂറോപ്പിലേക്കും മറ്റും പലായനം ചെയ്യാന്‍ ഇവരെ പ്രേരിപ്പിക്കുന്നതെന്നു മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള യുഎന്‍ ഹൈകമ്മീഷന്‍ സെയ്ദ് റഅദ് അല്‍ ഹുസെയ്ന്‍ വ്യക്തമാക്കി.
സംഘര്‍ഷങ്ങളില്‍നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടവര്‍, കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍, ആഭ്യന്തരമായി അഭയാര്‍ഥികളായവര്‍ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചകളുടെ അടിസ്ഥാനത്തില്‍ ഇറാഖിനുള്ള യുഎന്‍ സഹായ മിഷനും ഫോര്‍ ഇറാഖും മനുഷ്യാവകാശ കമ്മീഷണറടെ ഓഫിസും ചേര്‍ന്നാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.
അതേസമയം, ഐഎസ് നിയന്ത്രണത്തിലുള്ള പശ്ചിമ അന്‍ബാര്‍ പ്രവിശ്യയിലെ പോരാട്ട മേഖലയില്‍നിന്നു യഥാര്‍ഥ വിവരങ്ങള്‍ ലഭ്യമല്ല. മരിച്ചവരില്‍ പകുതി പേരും ബഗ്ദാദ് പ്രവിശ്യയില്‍നിന്നുള്ളവരാണ്. സ്‌ഫോടനങ്ങളിലാണ് ഭൂരിപക്ഷവും കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it