kozhikode local

ഇറച്ചിക്കാരന്‍ ആലിക്കയ്ക്ക് സമര്‍പ്പിക്കാം ഈ വര്‍ഷത്തെ നാഗ്ജി ടൂര്‍ണമെന്റ്

കോഴിക്കോട്: കാലിക്കറ്റ് മുസ്‌ലിം ബ്ലൂസ്, മുസ്‌ലിം-ഹിന്ദു ക്ലബ്ബ്- കോഴിക്കോട്ടെ അക്കാലത്തെ കാല്‍പന്ത് കളി സംഘങ്ങളുടെ വേരുകള്‍ ഇങ്ങിനെയൊക്കെയായിരുന്നു. കോഴിക്കോട്ട് വീണ്ടും നാഗ്ജി വെള്ളിക്കപ്പിനു വേണ്ടിയുള്ള 'യുദ്ധം 'തുടങ്ങിയിരിക്കുകയാണ്. നാഗ്ജി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഉല്‍സരാരവങ്ങള്‍ക്കിടയില്‍ ചില ഓര്‍മകള്‍ ചികയുകയാണ്. ആലിക്കോയ-യൂനിവേഴ്‌സല്‍ ക്ലബ്ബിനോട് സത്യത്തില്‍ നമ്മുടെ ഫുട്ബാള്‍ ഭ്രമം കടപെട്ടിരിക്കുന്നു. ഈ രണ്ടുപേരുകളില്‍ കോഴിക്കോട്ടുകാര്‍ക്ക് പാട്ടില്‍ കമ്പം കൂട്ടാനും കളിയില്‍ കമ്പം കൂട്ടാനും പലതും ഉണ്ടായിരുന്നു. അവരില്‍ എക്കാലത്തും മുന്നിലായിരുന്നു ആലിക്ക-ആലിക്കോയ. ഇന്നത്തെ മാനാഞ്ചിറ ചതുരത്തിന് അരമതില്‍ പോലുമില്ലാത്ത 1915ല്‍ ആലിക്കോയ കോഴിക്കോട് ഒരു ഫുട്ബാള്‍ ക്ലബ്ബ് സ്ഥാപിച്ചു. യൂനിവേഴ്‌സല്‍ ക്ലബ്ബ്.
നൂറുവര്‍ഷം മുമ്പ് ഈ ആലിക്ക രാജ്യമെങ്ങുമുള്ള പ്രശസ്ത കളിക്കാരെ കോഴിക്കോട്ടെ മൈതാനങ്ങളില്‍ കൊണ്ട് വന്ന് കളിപ്പിച്ചു. കോഴിക്കോട്ടുകാരായ ഉശിരന്‍ കളിക്കാരെ അവരുടെ നാട്ടിലേക്കും കളിക്കാനയച്ചു. ഒരു നൂറ്റാണ്ടു മുമ്പ് തന്നെ ഇവിടുത്തെ കളിക്കാര്‍ക്ക് അന്യനാടുകളില്‍ ചെന്നു കളിക്കാന്‍ ഒരു സാധാരണ ഇറച്ചിക്കടക്കാരന് സാധിച്ചു. ഇറച്ചിക്കച്ചവടം നടത്തി ഫുട്ബാള്‍ കളി കൊണ്ടുവന്ന കോട്ടപറമ്പത്ത് ആലിക്കയുടെ പിന്‍തലമുറക്കാരാണ് ഇന്നുമുതല്‍ ജര്‍മ്മന്‍, ബ്രസീല്‍ തുടങ്ങിയ വിദേശകളിക്കാര്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഗാലറിയില്‍ ഉണ്ടാവുക.
ഇന്നത്തെ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ തന്റെ ഇറച്ചിക്കടയില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം മുഴുവന്‍ കാല്‍പന്തുകളിക്ക് വേണ്ടി ' നേര്‍ച്ച അര്‍പ്പിച്ച' കോട്ടപറമ്പത്ത് ആലിക്കക്ക് വേണം ഈ വര്‍ഷത്തെ നാഗ്ജി ടൂര്‍ണമെന്റ് സമര്‍പ്പിക്കാന്‍.1930 കളില്‍ അഞ്ചുവര്‍ഷം തുടര്‍ച്ചയായി ദക്ഷിണേന്ത്യയിലെ മികച്ചഫുട്ബാള്‍ ടൂര്‍ണമെന്റായ ഭവാനി റാവു ടൂര്‍ണമെന്റില്‍ ദത്ത് മെമ്മോറിയല്‍ ക്ലബ്ബ് കൊണ്ടുവന്നത് ആലിക്കയുടെ യൂണിവേഴ്‌സല്‍ ക്ലബ്ബായിരുന്നുവെന്ന് ചരിത്രം എഴുതിവച്ചിട്ടുണ്ട്. അന്നത്തെ നഗരത്തിലെ കളി മൈതാനങ്ങളായിരുന്ന കോടതി മൈതാനിയിലും മാനാഞ്ചിറ മൈതാനിയിലും പായവിരിച്ച് കിടന്നുറങ്ങി കാല്‍പന്തുകളിക്ക് മേല്‍വിലാസമുണ്ടാക്കിയ ആലിക്കയെ കുറിച്ചോര്‍ക്കാന്‍, ഓര്‍മ്മ രേഖപ്പെടുത്താന്‍ വീണ്ടും നാഗ്ജി ടൂര്‍ണ്ണമെന്റ് എത്തി.
Next Story

RELATED STORIES

Share it