ഇരുളില്‍നിന്ന് ഇവര്‍ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക്

സൈനുല്‍ ആബിദ്

കോഴിക്കോട്: അസുഖം മാറിയിട്ടും മാനസികരോഗാശുപത്രിയുടെ ഇരുളില്‍ ജീവിതം തള്ളിനീക്കുന്ന നൂറുകണക്കിനാളുകളില്‍ രണ്ടുപേര്‍ ഇന്ന് ജീവിതത്തിന്റെ വെളിച്ചത്തിലേക്ക്. കോട്ടയം സ്വദേശിയായ എംഎസ്‌സി ബോട്ടണി ബിരുദധാരിണിയും കോഴിക്കോട്ടുകാരിയായ വീട്ടമ്മയുമാണ് കുതിരവട്ടം മാനസികരോഗാശുപത്രിയില്‍ വീട്ടുകാരും നാട്ടുകാരും അടിച്ചേല്‍പ്പിച്ച ആജീവനാന്ത തടവില്‍നിന്ന് മോചിതരാവുന്നത്.
ചാത്തമംഗലം സാന്ത്വനം ചാരിറ്റബ്ള്‍ ട്രസ്റ്റ് ഏറ്റെടുക്കാന്‍ തയ്യാറായതോടെയാണ് ഇവര്‍ക്ക് പുതുജീവിതത്തിലേക്ക് വഴിതുറന്നത്. ഗുജറാത്തില്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്ലസ് ടു അധ്യാപികയായിരുന്ന കോട്ടയം സ്വദേശിനി ആശുപത്രിയില്‍ കഴിയാന്‍ തുടങ്ങിയിട്ട് ആറ് വര്‍ഷത്തിലധികമായി. രോഗം എന്നോ ഭേദമായെങ്കിലും അവിവാഹിതയായ ഇവരെ ഏറ്റെടുക്കാന്‍ കുടുംബം തയ്യാറായില്ല. ഈ അമ്പത്തിരണ്ടുകാരിയുടെ സഹോദരന്‍ ചിലപ്പോഴൊക്കെ വരാറുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അതും ഇല്ലാതെയായി.
കോഴിക്കോട് സിവില്‍സ്‌റ്റേഷന് സമീപത്തെ വീട്ടമ്മയുയുടെ ഭര്‍ത്താവ് ഓട്ടോ ഡ്രൈവറാണ്. ഒരു പെണ്‍കുട്ടിയുള്‍പ്പെടെ മൂന്ന് മക്കളുണ്ട്. രോഗം പൂര്‍ണമായി ഭേദമായ നാള്‍ മുതല്‍ അവരിലാരെങ്കിലും തന്നെത്തേടിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. പക്ഷേ, 2006 മുതല്‍ ഇവിടെ കഴിയുന്ന അവരെ തിരഞ്ഞ് ബന്ധുക്കളാരും ഇന്നുവരെ ഇവിടേക്ക് എത്തിനോക്കിയിട്ടില്ല. തന്റെ 39ാമത്തെ വയസ്സിലാണ് ശോഭന ഇവിടെ എത്തുന്നത്.
എട്ടാം വാര്‍ഡിന്റെ തടവറയില്‍നിന്ന് ഇവര്‍ രണ്ടുപേരും മോചിതരാവുമ്പോള്‍ ഇനിയും നൂറുകണക്കിന് അന്തേവാസികളാണ് തങ്ങളെയും തേടി ആരെങ്കിലും എന്നെങ്കിലും വരുമെന്ന പ്രതീക്ഷയോടെയിരിക്കുന്നത്. ഇത് ദൈവവിധിയാണെന്ന് കരുതി സമാധാനിച്ചിരിക്കാന്‍ ഇടയ്‌ക്കെന്നോ താളം തെറ്റിപ്പോയെങ്കിലും ഇപ്പോള്‍ പൂര്‍വസ്ഥിതിയിലായ മനസ്സ് ഇവരെ അനുവദിക്കുന്നില്ല. കാരണം ദൈവവിധിയല്ല, വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്‍വിധിയാണ് തങ്ങളെ തടവറയിലിട്ടിരിക്കുന്നതെന്നാണ് പലരുടെയും വിശ്വാസം.
ജീവിതത്തിന്റെ ഏതോ നിമിഷത്തില്‍ മനസ്സിന്റെ താളം തെറ്റിപ്പോയതിന്റെ പേരില്‍ ഇവര്‍ അനുഭവിക്കുന്നത് ക്രിമിനല്‍ കേസുകളിലെ പ്രതികളെക്കാള്‍ കടുത്ത ശിക്ഷയാണ്. പ്രതികള്‍ക്ക് പരോളിലിറങ്ങി കുടുംബത്തോടൊപ്പം കഴിയാന്‍ അവസരം ലഭിക്കുമ്പോള്‍ മാനസികരോഗാശുപത്രിയുടെ ഇരുളില്‍ ചടഞ്ഞിരിക്കാനാണ് ഇവരുടെ വിധി. വളരെ അപൂര്‍വമായി ആശുപത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിനോദയാത്രകള്‍ മാത്രമാണ് ഇവര്‍ക്ക് പുറംലോകം കാണുന്നതിനുള്ള ഏക മാര്‍ഗം.
ഇന്ന് രാവിലെ 11നാണ് ചാത്തമംഗലം സ്വദേശി സുധീറിന്റെ നേതൃത്വത്തിലുള്ള സാന്ത്വനം ട്രസ്റ്റ് രണ്ടു സ്ത്രീകളെയും ഏറ്റെടുക്കുന്നത്. ഇനി വേങ്ങേരി മഠത്തിലെ അഴകത്ത് വീട്ടില്‍ സാധാരണ മനുഷ്യരെപ്പോലെ ഇവര്‍ക്ക് ജീവിക്കാം. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട പത്തോളം പേര്‍ ഇവിടെ താമസക്കാരായുണ്ട്. 22 വര്‍ഷത്തെ മാസികരോഗാശുപത്രിയിലെ വാസത്തില്‍നിന്ന് മോചിതയായി മൂന്ന് മാസം മുമ്പ് സാന്ത്വനത്തിലെത്തിയ ഗീതയും ഇവര്‍ക്ക് കൂട്ടിനുണ്ടാവും.
Next Story

RELATED STORIES

Share it