Flash News

ഇരുചക്രവാഹനങ്ങളുടെ രൂപഘടന മാറ്റിയാല്‍ നടപടി: ഹൈക്കോടതി

ഇരുചക്രവാഹനങ്ങളുടെ രൂപഘടന മാറ്റിയാല്‍ നടപടി: ഹൈക്കോടതി
X
pulsarnew

കൊച്ചി: ഇരുചക്ര വാഹനങ്ങളുടെ അംഗീകൃത രൂപഘടനയില്‍ മാറ്റം വരുത്തി ഉപയോഗിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. വലിയ പ്രകമ്പനമുണ്ടാക്കുന്ന തരത്തിലുള്ള സൈലന്‍സറുകള്‍ ഘടിപ്പിക്കുന്നതും, മഡ്ഗാര്‍ഡും, സാരിഗാര്‍ഡും നീക്കം ചെയ്യുന്നതും മോട്ടോര്‍ വാഹന നിയമ പ്രകാരം കുറ്റകരമാണ്. കൂടാതെ മോട്ടോര്‍ ബൈക്കിന്റെ ഹാന്‍ഡിലില്‍ മാറ്റം വരുത്തുന്നതും വാഹനത്തിന്റെ അംഗീകൃത ഘടനയിലെ മാറ്റമായി കാണക്കാക്കാമെന്നും ജസ്റ്റിസ് വി ചിദംമ്പരേശ് ചൂണ്ടിക്കാട്ടി.
ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന ബൈക്ക് ഉടമകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ശബ്ദമലിനീകരണം തടയാന്‍ പരിസ്ഥിതി സംരക്ഷണ നിയമം അനുവദിക്കുന്ന തരത്തില്‍ ബൈക്കുകളുടെ ശബ്ദം നിയന്ത്രിക്കാന്‍ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. വാഹന ഉടമകളുടെ ഇഷ്ടാനുസരണം രൂപഘടനയില്‍ മാറ്റം വരുത്തുന്നത് സാധാരണയായിരിക്കുകയാണെന്നും ഇത് പൊതുജനങ്ങളെ ദോഷകരമായി ബാധിക്കുന്നതാണെന്നും കോടതി  നിരീക്ഷിച്ചു.
മഡ്ഗാര്‍ഡുകളും സാരിഗാര്‍ഡും മാറ്റുന്നത് വാഹനത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുമെങ്കിലും ഇത് വഴിയാത്രക്കാരുടെ മേല്‍ ചെളി തെറിക്കാനും അപകടത്തിനും വഴിയൊരുക്കുമെന്ന് കോടതി നിരീക്ഷിച്ചു.
മോട്ടോര്‍ ബൈക്കിന്റെ ഹാന്‍ഡില്‍ ഘടനയില്‍ മാറ്റം വരുത്തുന്നത് വാഹനത്തിന്റെ സന്തുലിതാവസ്ഥയില്‍ മാറ്റം വരുത്താന്‍ കാരണമാവുമെന്നും പ്രകമ്പനവും കാതടിപ്പിക്കുന്നതുമായ സൈലന്‍സറുകള്‍ ഉപയോഗിക്കുന്നത് വഴിയാത്രക്കാരായ മുതിര്‍ന്ന പൗരന്മാര്‍ക്കും രോഗികള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. അംഗീകൃത രൂപഘടനയില്‍ മാറ്റം വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പും പോലിസും കണ്ണുതുറക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മോട്ടോര്‍ ബൈക്കിന്റെ രൂപഘടനയില്‍ മാറ്റം വരുത്തിയെന്നാരോപിച്ച് ആര്‍സി ബുക്ക് പിടിച്ചെടുത്ത മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് കടവന്ത്ര സ്വദേശി ഫ്രാന്‍സിസ് സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ് കോടതി ഉത്തരവ്. വാഹന ഉടമകളുടെ ആര്‍സി ബുക്ക് പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ നിയമാനുസൃതമായ നടപടി സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നും കോടതി ചൂണ്ടികാട്ടി.
Next Story

RELATED STORIES

Share it