kannur local

ഇരിട്ടി നഗരസഭയിലെ അട്ടിമറി: പ്രാദേശിക ലീഗ് നേതാക്കളെ പുറത്താക്കാന്‍ ശുപാര്‍ശ

ഇരിട്ടി: ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍നിന്ന് 3 മുസ്‌ലിം ലീഗ് അംഗങ്ങള്‍ വിട്ടുനിന്ന സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി തീരുമാനം. ഉളിയില്‍ ശാഖാ കമ്മിറ്റി പിരിച്ചുവിടാനും പ്രാദേശിക നേതാക്കളായ കെ പി ഹംസ മാസ്റ്റര്‍, മുഹമ്മദ് എന്ന മാമ്മുഞ്ഞി, മുനിസിപ്പല്‍ ലീഗ് ഖജാഞ്ചി വി എം ഖാലിദ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ എം പി അബ്ദുര്‍റഹ്മാന്‍ എന്നിവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനും മേല്‍കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തു. ലീഗ് പേരാവൂര്‍ നിയോജക മണ്ഡലം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. നഗരസഭയില്‍ യുഡിഎഫിലെ ധാരണപ്രകാരം ആദ്യത്തെ രണ്ടര വര്‍ഷം ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിനും പിന്നീടുള്ള രണ്ടരവര്‍ഷം ലീഗിനുമായിരുന്നു. ഇക്കാര്യം മുഴുവന്‍ പാര്‍ട്ടി ഘടകങ്ങളെയും നേരത്തെ അറിയിച്ചതുമാണ്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കരാറിനു വിരുദ്ധമായി പ്രവര്‍ത്തിക്കണമെന്ന് ഒരുവിഭാഗം പറയുന്നത് അംഗീകരിക്കാനാവില്ല. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തേക്കു മല്‍സരിച്ച കോ ണ്‍ഗ്രസിലെ പി വി മോഹനനെ പിന്തുണയ്ക്കാന്‍ നേരത്തെ തന്നെ പാര്‍ട്ടിയിലെ 10 അംഗങ്ങള്‍ക്കും വിപ്പ് നല്‍കിയിരുന്നു. ഇതിനു വിരുദ്ധമായി രഹസ്യബാന്ധവത്തിലൂടെ എല്‍ഡിഎഫിനെ വിജയിപ്പിക്കാനായിരുന്നു ലീഗിലെ മൂന്നംഗങ്ങള്‍ ശ്രമിച്ചത്. ഇവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും ആലോചിക്കുന്നുണ്ട്. മണ്ഡലം നേതാക്കളായ തറാല്‍ ഈസ, എം കെ അഹമ്മദ് എന്നിവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഇബ്രാഹിം മുണ്ടേരി, അഡ്വ. കെ മുഹമ്മദലി, സി അബ്ദുല്ല, സി മുഹമ്മദലി, അശ്‌റഫ് ചായിലോട്, സി എ ലത്തീഫ് പങ്കെടുത്തു.
Next Story

RELATED STORIES

Share it