kannur local

ഇരിട്ടി നഗരഭരണ അട്ടിമറി: ലീഗ് കൗണ്‍സിലറെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി

ഇരിട്ടി: ഇരിട്ടി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായ സംഭവവുമായി ബന്ധപ്പെട്ട് നഗരസഭാ ലീഗ് കൗണ്‍സിലര്‍ എം പി അബ്ദുര്‍റഹ്മാനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. കല്ലേരിക്കല്ലില്‍നിന്നു വിജയിച്ച എം പി അബ്ദുര്‍റഹ്മാന്‍, നരയംപാറ വാര്‍ഡിലെ ഇ കെ മറിയം ടീച്ചര്‍, ഉളിയില്‍ വാര്‍ഡിലെ ടി കെ ഷരീഫ എന്നീ ലീഗ് പ്രതിനിധികള്‍ നഗരസഭാ ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നതാണ് രണ്ടാം കക്ഷിയായ എല്‍ഡിഎഫിന് ഭരണം ലഭിക്കാന്‍ കാരണം.
വോട്ടെടുപ്പില്‍ വിട്ടുനില്‍ക്കാന്‍ പ്രേരണ നല്‍കിയ ഉളിയില്‍ ശാഖാ കമ്മിറ്റിയെ നേരത്തെ തന്നെ പിരിച്ചുവിട്ടിരുന്നു. നേരത്തെ അച്ചടക്ക നടപടിയുടെ പേരില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്ന് നീക്കംചെയ്യപ്പെട്ട അബ്ദുര്‍റഹ്മാന്‍ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം പാര്‍ട്ടി വിപ്പ് ലംഘിച്ച് അധ്യക്ഷ വോട്ടെടുപ്പില്‍ ഹാജരാവാതിരിക്കുകയും യുഡിഎഫിനെ പരാജയപ്പെടുത്തി പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കുകയും ചെയ്‌തെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുറത്താക്കിയതെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.
നഗരഭരണം യുഡിഎഫിന് നഷ്ടപ്പെട്ടപ്പോള്‍ തന്നെ ലീഗില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കൗണ്‍സിലര്‍ എം പി അബ്ദുല്‍റഹ്മാനെ കൂടാതെ ഉളിയിലെ പ്രാദേശിക നേതാക്കളായ കെ പി ഹംസ മാസ്റ്റര്‍, മുഹമ്മദ് എന്ന മാമുഞ്ഞി, വി എം ഖാലിദ്, പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് നിസാര്‍ പുന്നാട് എന്നിവരെ പുറത്താക്കണമെന്ന് മണ്ഡലം കമ്മിറ്റി മേല്‍ ഘടകത്തോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ വിപ്പ് ലംഘിച്ച അബ്ദുര്‍റഹ്മാനെ മാത്രമാണ് ഇപ്പോള്‍ പുറത്താക്കിയത്.
വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന മറ്റു രണ്ടംഗങ്ങളെ കൂടെനിര്‍ത്തി ഭരണം പിടിക്കാനാണ് യുഡിഎഫ് തീരുമാനം. നഗരസഭയില്‍ ആകെയുള്ള 33 സീറ്റില്‍ യുഡിഎഫ് 15, എല്‍ഡിഎഫ് 13, ബിജെപി 5 എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിന് ലഭിച്ച 15 സീറ്റില്‍ 10ഉം ലീഗിന്റേതാണ്. കോണ്‍ഗ്രസിനു ചെയര്‍മാന്‍സ്ഥാനം നല്‍കണമെന്ന് ലീഗ് മണ്ഡലം കമ്മിറ്റി തീരുമാനമെടുത്തിരുന്നു. എന്നാല്‍ ചെയര്‍മാന്‍സ്ഥാനം ലീഗിനുതന്നെ വേണമെന്നും ദീര്‍ഘകാല പാരമ്പര്യമുള്ള എം പി അബ്ദുര്‍റഹ്മാനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നുമായിരുന്നു ഉളിയില്‍ ശാഖാ കമ്മിറ്റിയുടെ നിലപാട്.
പാര്‍ട്ടിയിലെ ചേരിപ്പോരാണ് ഭരണം നഷ്ടപ്പെടുന്നതിലും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് 20 വര്‍ഷത്തിലേറെയായി കീഴൂര്‍-ചാവശ്ശേരി പഞ്ചായത്തില്‍ അംഗമായ അബ്ദുര്‍റഹ്മാനെ പുറത്താക്കുന്നതിലും കലാശിച്ചത്. അതേസമയം, അച്ചടക്ക നടപടി പാര്‍ട്ടിക്ക് ഉളിയില്‍ മേഖലയില്‍ വിപരീതഫലം ചെയ്യുമെന്ന കണ്ടെത്തല്‍ പ്രാദേശിക നേതാക്കള്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍നിന്ന് മേല്‍ഘടകത്തെ പിന്തിരിപ്പിച്ചതായി പറയപ്പെടുന്നു.
അച്ചടക്ക നടപടി നേരിട്ട അബ്ദുര്‍റഹ്മാന്‍ ലീഗ് ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു. അതിനിടെ, തന്നെ പുറത്താക്കിയതായുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും എം പി അബ്ദുര്‍റഹ്മാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it