kannur local

ഇരിട്ടിയിലെ ഗ്രാമീണ ന്യായാലയം ഉദ്ഘാടനത്തിനൊരുങ്ങി

ഇരിട്ടി: സാധാരണക്കാര്‍ക്ക് നിയമനടപടികള്‍ എളുപ്പത്തിലാക്കാനും കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് പരിഹാരം കാണാനുമായി ഇരിട്ടിക്ക് സമീപം പായം പഞ്ചായത്തിലെ കല്ലുമുട്ടിയില്‍ ആരംഭിക്കുന്ന ഗ്രാമീണ ന്യായാലയം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. പഞ്ചായത്തിന്റെ അധീനതയിലുള്ള കല്ലുമുട്ടിയിലെ ശിശുമന്ദിരം കെട്ടിടത്തിലാണ് ന്യായാലയം വരുന്നത്.
ഇതിന്റെ ഭാഗമായി ഹാള്‍, ചേംബര്‍ ഡയസ്, സ്റ്റോര്‍ റൂം, ബാത്ത് റൂം, പ്ലംബിങ്, മതില്‍ ഗേറ്റ് എന്നിവയുടെ പണി പൂര്‍ത്തിയായി വരികയാണ്. 10ന് സെക്ഷന്‍ ജഡ്ജ് സനല്‍ കുമാര്‍ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം ഉദ്ഘാടന തിയ്യതി പ്രഖ്യാപിക്കും. സാധാരണ മട്ടന്നൂര്‍, കൂത്തുപറമ്പ് എന്നീ കോടതികളെയാണ് മലയോര ജനത നിയമ വ്യവഹാരത്തിന് ആശ്രയിക്കുന്നത്. കല്ലുമുട്ടിയില്‍ കോടതിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ക്രിമിനല്‍ കേസുകളോടൊപ്പം സിവില്‍ കേസുകളും ഇവിടെ പരിഗണിക്കും. 50,000 രൂപ വരെ പിഴയുള്ള സിവില്‍ കേസുകള്‍, രണ്ടുവര്‍ഷം തടവ് ലഭിക്കുന്ന ക്രിമിനല്‍ കേസുകള്‍, ബാങ്ക് വായ്പാ കുടിശ്ശിക കേസുകള്‍, പരസ്യ മദ്യപാനം, മദ്യപിച്ച് വാഹനം ഓടിക്കല്‍, വാഹനാപകട കേസുകള്‍ തുടങ്ങിയവയും ഇവിടെ പരിഗണിക്കും. ഇതോടെ ഇത്തരം കേസുകള്‍ക്ക് മട്ടന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയിലും കൂത്തുപറമ്പ് സിവില്‍ കോടതിയിലും പോവുന്നത് ഒഴിവാക്കാനാവും. ഇവിടങ്ങളിലെ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ജോലിഭാരം കുറയുകയും ചെയ്യും.
ന്യായാലയത്തിന്റെ പ്രവൃത്തികള്‍ ഉടന്‍ തീര്‍ക്കാനായി ജനകീയ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരികയാണ്. ഇരിട്ടി നഗരസഭ ചെയര്‍മാന്‍ പി പി അശോകന്‍ ചെയര്‍മാനും പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍ കണ്‍വീനറുമാണ്.
Next Story

RELATED STORIES

Share it