ഇരിങ്ങല്ലൂര്‍ ക്രാഫ്റ്റ് വില്ലേജില്‍ അന്താരാഷ്ട്ര കരകൗശല മേള

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും മികച്ച കരകൗശല മേളയ്ക്കായി ഇരിങ്ങല്ലൂര്‍ ക്രാഫ്റ്റ് വില്ലേജ് സര്‍ഗാലയ ഒരുങ്ങുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയും ടൂറിസം വകുപ്പും ചേര്‍ന്നൊരുക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര കരകൗശലമേളയ്ക്കാണ് കോഴിക്കോട് ഇരിങ്ങല്ലൂര്‍ ക്രാഫ്റ്റ് വില്ലേജ് വേദിയാവുന്നത്. ഈ മാസം 20 മുതല്‍ ജനുവരി അഞ്ചുവരെയാണ് കരകൗശലമേള. സംസ്ഥാനങ്ങളിലെ 300 കലാകാരന്മാരുടെ സ്റ്റാളുകളാണ് മേളയ്ക്കായി സജ്ജമാവുന്നത്. ദേശീയ അംഗീകാരം നേടിയ 50 കലാകാരന്മാരുടെ സാന്നിധ്യവും ഇവിടെ ഉണ്ടാവും.
കേരളത്തിലെ കരകൗശല വിദഗ്ധര്‍ക്ക് പുറമെ ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍, വെസ്റ്റ് ബംഗാള്‍, ഒഡീഷ, ജമ്മുകാശ്മീര്‍, ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക, തമിഴ്‌നാട്, ചത്തീസ്ഗഡ്, ഹരിയാന, രാജസ്ഥാന്‍, പുതുച്ചേരി, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ്, അസം, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പരമ്പരാഗത ഗോത്രവര്‍ഗ കലാകാരന്മാര്‍ മേളയ്ക്ക് എത്തും. കരകൗശലവിദഗ്ധരുടെ ഉല്‍പന്നങ്ങള്‍ക്ക് രാജ്യാന്തര വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നതെന്ന് സിഇഒ പി ടി ഭാസ്‌കരന്‍ പറഞ്ഞു. കൂടുതല്‍ പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നുള്ളതും പരിസ്ഥിതിക്ക് ഇണങ്ങിയ രീതിയില്‍ കുറഞ്ഞ ചെലവിലാണ് കരകൗശലവസ്തുക്കള്‍ നിര്‍മിക്കുന്നതെന്നതും മറ്റൊരു സവിശേഷതയാണ്.
ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലും ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റും സഹകരിച്ചാണ് കരകൗശലമേള സംഘടിപ്പിക്കുന്നത്. ഈ മാസം 22ന് രാവിലെ പത്തിന് മന്ത്രി എ പി അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ കേരള ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി സദാശിവം കരകൗശലമേള ഉദ്ഘാടനം ചെയ്യും. 23, 29, ജനുവരി നാല് തിയ്യതികളില്‍ കരകൗശല രംഗത്തെ പ്രശ്‌നങ്ങള്‍, ഉല്‍പന്നങ്ങളുടെ വിപണനം എന്ന വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ വേലായുധന്‍, രമേശന്‍ പാലാഴി, എസ് ഷാജു, ജി കെ രാജേഷ്, എം ടി സുരേഷ്, കമാല്‍ വരദൂര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it