ഇരിക്കൂറില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിക്ക് മര്‍ദ്ദനം

കണ്ണൂര്‍: ഇരിക്കൂറിലെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി അഡ്വ. ബിനോയ് തോമസിനെ മര്‍ദ്ദനമേറ്റ അവസ്ഥയില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിനോയ് തോമസ് ആരോപിച്ചു. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന അഡ്വ. ബിനോയ് തോമസിന്റെ പ്രചാരണപ്രവര്‍ത്തനത്തിനിറങ്ങിയവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴാണ് സ്ഥാനാര്‍ഥിയെയും മര്‍ദ്ദിച്ചതെന്നാണു പരാതി. ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെയും ആക്രമണമുണ്ടായി. കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുന്ന മന്ത്രി കെ സി ജോസഫിനെതിരേ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്നുവന്ന പ്രതിഷേധത്തിനൊടുവിലാണ് കര്‍ഷക കോണ്‍ഗ്രസ് നേതാവായ അഡ്വ. ബിനോയ് തോമസ് നാമനിര്‍ദേശ പത്രിക നല്‍കിയത്. ജനശ്രീ ജില്ലാ മുന്‍ കോ-ഓഡിനേറ്റര്‍ കൂടിയായ ബിനോയ് തോമസിനു കെ സി ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് രാജിവച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഖാദറിന്റെ പിന്തുണയുണ്ട്. മര്‍ദ്ദനമേറ്റ ബിനോയ് തോമസിനെ സിപിഎം സംസ്ഥാന സമിതിയംഗം എം വി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it