ഇരവിപുരത്തില്‍ തട്ടി ലീഗ് സ്ഥാനാര്‍ഥി നിര്‍ണയം

മലപ്പുറം: ഇരവിപുരം സീറ്റ് ആര്‍എസ്പിക്ക് വിട്ടു കൊടുക്കേണ്ടി വരുമെന്നതിനാല്‍ പകരം ലഭിക്കേണ്ട സീറ്റിനെച്ചൊല്ലി ലീഗ് സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നു. ലീഗിന്റെ 20 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നാലിടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ഇരവിപുരം സിറ്റിങ് എംഎല്‍എ ആര്‍എസ്പിയിലെ എ എ അസീസാണ്. ആര്‍എസ്പി എല്‍ഡിഎഫിലായിരുന്നപ്പോള്‍ മല്‍സരിച്ച സീറ്റാണിത്. അസീസും സംഘവും യുഡിഎഫിലെത്തിയതോടെ സീറ്റ് സ്വാഭാവികമായും അവര്‍ക്ക് വിട്ടു നല്‍കേണ്ടി വരും.  ഇതിനു പകരം കൊല്ലം ജില്ലയില്‍ ചടയമംഗലമോ, കരുനാഗപള്ളിയോ ലഭിക്കണമെന്നാണു ലീഗിന്റെ ആവശ്യം. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും രണ്ടു ദിവസത്തെ സമയം വേണമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിട്ടുള്ളത്. കുന്ദമംഗലത്തിനു പകരം ബാലുശ്ശേരി എന്ന ആവശ്യവും ഇരവിപുരം പ്രശ്‌നം തീര്‍ന്നതിനു ശേഷമേ തീരുമാനമാവൂ. കുറ്റിയാടി, ഗുരുവായൂര്‍ സീറ്റുകളിലും മാറ്റത്തിന് ലീഗിന് ആഗ്രഹമുണ്ടെങ്കിലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സമ്മതം അറിയിച്ചിട്ടില്ല. ഇന്നലെ ബാക്കിയുള്ള നാലു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കൂടി ലീഗ് പ്രഖ്യാപിക്കുമെന്ന് ധാരണയുണ്ടായിരുന്നെങ്കിലും ഇരവിപുരത്ത് തീരുമാനമാവാത്തതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഇന്നലെ പാണക്കാട് നടന്ന മുസ്‌ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it