Idukki local

ഇരട്ട വോട്ടുകളെന്ന്; ബോഡിമെട്ടില്‍ വാഹനങ്ങള്‍ തടഞ്ഞത് സംഘര്‍ഷത്തിലെത്തി

രാജാക്കാട്: ബോഡിമെട്ട് ചെക്ക് പോസ്റ്റില്‍ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് സംഘര്‍ഷം. ഇരട്ടവോട്ടുകള്‍ തടയാനെന്ന പേരില്‍ യാത്രക്കാരുമായി വന്ന വാഹനങ്ങള്‍ തടഞ്ഞതാണു പ്രശ്‌നമായത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ട്രിപ്പ് ജീപ്പുകള്‍ ചെക്കുപോസ്റ്റില്‍ പിടിച്ചിടുകയായിരുന്നു. വാഹനങ്ങള്‍ പരിശോധിച്ച് കടത്തി വിടുന്നതിനു ഹൈക്കോടതി ഉത്തരവുണ്ടെന്നു ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെ ബഹളമായി.
തമിഴ്‌നാട്ടില്‍ വോട്ട് ചെയ്ത ശേഷമാണ് ആളുകള്‍ കേരളത്തിലേക്ക് വരുന്നതെന്നും ഇത് തടയണമെന്നുമായിരുന്നു യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. വാഹനങ്ങള്‍ കടത്തിവിടുന്നില്ലെന്ന വിവരമറിഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എം മണിയടക്കമുള്ള ആളുകള്‍ സ്ഥലത്തെത്തുകയും കോടതി ഉത്തരവിന്റെ പകര്‍പ്പ് കാണിക്കുകയും ചെയ്തു. തുടര്‍ന്ന് വാഹനങ്ങള്‍ ഇരുവശത്തേയ്ക്കും കടത്തിവിട്ടു. എന്നാല്‍ ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിക്കാന്‍ പരിശ്രമിച്ചതോടെ ഇവരുമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വാക്കേറ്റമായി. തുടര്‍ന്ന് എല്‍ഡിഎഫ് നേതാക്കളും പോലിസും ഇടപെട്ട് പ്രവര്‍ത്തകരെ പ്രശ്‌നങ്ങളൊഴിവാക്കി.
കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള ഇരട്ടവോട്ടുകള്‍ തടയുന്നതിനായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുണ്ടാക്കരുതെന്ന നിര്‍ദേശവും കോടതി നല്‍കിയിരുന്നു. ബസ് സര്‍വീസ് കുറവുള്ളതിനാല്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും പോവാന്‍ ആളുകള്‍ ആശ്രയിക്കുന്നത് ട്രിപ്പ് ജീപ്പുകളെയാണെന്നും അതുകൊണ്ട് തന്നെ ഇത്തരം വാഹനങ്ങള്‍ കടത്തിവിടുന്നതിന് അനുമതി തരണമെന്നും കാണിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ പരശോധന നടത്തിയ ശേഷം കടത്തിവിടുന്നതിന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
Next Story

RELATED STORIES

Share it