ഇരട്ട പദവി വഹിച്ച 21 എംഎല്‍എമാര്‍ അയോഗ്യതാ ഭീഷണിയില്‍; ബില്ല് രാഷ്ട്രപതി പ്രണബ് മുഖര്‍ജി തിരിച്ചയച്ചു

ന്യൂഡല്‍ഹി: 21 എംഎല്‍എമാര്‍ ശമ്പളം പറ്റാതെ പാര്‍ലമെന്ററി സെക്രട്ടറിതല പദവി വഹിക്കുന്നതു നിയമവിധേയമാക്കി ഡല്‍ഹി നിയമസഭ പാസാക്കിയ ബില്ല് രാഷ്ട്രപതി തിരിച്ചയക്കാന്‍ കാരണം കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹി സര്‍ക്കാരിനോടുള്ള എതിര്‍പ്പാണെന്ന് ആം ആദ്മി പാര്‍ട്ടി.
2015ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിയില്‍ നിന്നേറ്റ തിരിച്ചടി ഉള്‍ക്കൊള്ളാന്‍ ഇനിയും ബിജെപിക്കായിട്ടില്ലെന്നും ആം ആദ്മി നേതാവ് സഞ്ജയ് സിങ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം രാഷ്ട്രപതി ബില്ല് തിരിച്ചയച്ചതോടെ 21 ആം ആദ്മി എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ഡല്‍ഹിയിലെ എംഎല്‍എമാര്‍ ശമ്പളം കിട്ടുന്ന പദവികള്‍ വഹിക്കരുതെന്ന് 1991ലെ ഒരു നിയമം അനുശാസിക്കുന്നുണ്ട്.
വകുപ്പ് മന്ത്രിമാരെ സഹായിക്കുന്ന പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിച്ച 21 എംഎല്‍എമാരാണ് അയോഗ്യത ഭീഷണി നേരിടുന്നത്. ഈ പദവിയെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പദവികളുടെ പട്ടികയില്‍ (ഓഫിസ് ഓഫ് പ്രോഫിറ്റ്) നിന്നും ഒഴിവാക്കുന്ന ബില്ലാണ് രാഷ്ട്രപതി തള്ളിയത്. ഡല്‍ഹി സര്‍ക്കാരുമായി പലപ്പോഴും ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ച ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് ബില്ലില്‍ ഒപ്പിടാതിരുന്നതോടെയാണ് ബില്ല് രാഷ്ട്രപതിയുടെ പക്കലെത്തിയത്.
എന്നാല്‍, ബില്ലിനോട് ഗവര്‍ണറും രാഷ്ട്രപതിയും പുലര്‍ത്തുന്ന നിഷേധ നിലപാടിന് പിന്നില്‍ മോദിയും കേന്ദ്രസര്‍ക്കാരുമാണെന്നാണ് ആം ആദ്മിയുടെയും ഡല്‍ഹി സര്‍ക്കാരിന്റെയും വാദം. പാര്‍ലമെന്ററി സെക്രട്ടറി പദവിയുള്ള എംഎല്‍മാര്‍ കൂടുതലായി ശമ്പളമോ ആനുകൂല്യമോ കൈപറ്റുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി.
തങ്ങള്‍ക്കെതിരായി എത്ര തന്നെ ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികള്‍ മോദിക്ക് വേണ്ടി കൈകൊണ്ടാലും താങ്കളെ ഉപരാഷ്ട്രപതിയായി നിയമിക്കാന്‍ പോവുന്നില്ലെന്ന് കഴിഞ്ഞ ദിവസം നജീബ് ജങിനെഴുതിയ കത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുകയാണ്. ഇത് സംബന്ധമായി കമ്മീഷന്‍ എംഎല്‍എമാരില്‍ നിന്നും പ്രതികരണം ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it