Azhchavattam

ഇരട്ടവരയിട്ട പുസ്തകം പോലെ

ഇരട്ടവരയിട്ട പുസ്തകം പോലെ
X








hassan kothar with hussain kothar



യാസിര്‍ അമീന്‍
ചൂഷണം ചെയ്യപ്പെട്ട നിറങ്ങളുടെ ഗോചരമാണ് ഹസന്റെയും ഹുസൈന്റെയും കാന്‍വാസുകള്‍. പൗരന്റെ അടിസ്ഥാനാവശ്യങ്ങളില്‍പോലും ഫാഷിസം ത്രിശൂലമെറിയുമ്പോള്‍ ഇവരുടെ വരകളിലും വരികളിലും രക്തം കിനിയുന്നു. കാഴ്ചകളില്‍ ഉന്മാദം നിറയുന്ന നേരങ്ങളിലാണ് ചിത്രകാരന്മാരുടെ കാന്‍വാസുകളില്‍ വര്‍ണരാജിക്കപ്പുറമുള്ള നിറങ്ങളില്‍ ചിത്രങ്ങള്‍ വിരിയുക. എന്നാല്‍, ഇവിടെ കാഴ്ചകള്‍ക്കും കാമനകള്‍ക്കും ഫാഷിസം തിട്ടൂരമിടുമ്പോള്‍, നിറങ്ങളാലും വാക്കുകളാലും മനുഷ്യമനസ്സിലെ അതിര്‍ത്തികള്‍ മായ്ക്കുകയാണ് ഈ ഇരട്ടസഹോദരന്മാര്‍.
എഴുത്തിന്റെയും വരയുടെയും ലോകത്ത് പലതരം അപൂര്‍വതകളുമായി ഇരട്ടകള്‍- ഹസന്‍ കോതാറത്തും ഹുസൈന്‍ കോതാറത്തും

എറണാകുളം തമ്മനം സ്വദേശികളായ ഇവര്‍ ഇരുപതു വര്‍ഷം മുമ്പാണ് നിറങ്ങളുടെ ആകാശത്തില്‍ ചിറക് വിടര്‍ത്തിയത്. ജന്മനാ കിട്ടിയ നിറങ്ങളുടെ സുഗന്ധത്തില്‍ അക്കാദമിക് മായം ചേര്‍ത്തിട്ടില്ല. 'ഗോചരം' എന്ന പേരില്‍ ഒരു കവിതാസമാഹാരം ഇവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. മലയാളത്തില്‍ ആദ്യമായാവും ഇതുപോലൊരു പുസ്തകം. ഒരു വശം ഹസന്‍ കോതാറത്ത് എന്ന ചിത്രകാരന്റെ, കവിയുടെ, വരികളും വരകളും, മറുവശം ഹുസൈന്‍ കോതാറത്ത് എന്ന ചിത്രകാരന്റെ, എഴുത്തുകാരന്റെ കൈയൊപ്പു ചാര്‍ത്തിയ താളുകള്‍. മധ്യത്തില്‍ മ്യൂസ് മേരി ജോര്‍ജിന്റെ അവതാരിക. കെട്ടില്‍ മാത്രമല്ല, പുതുമ ചിത്രമെഴുത്തിന്റെ ആഖ്യാനത്തിലും സാമ്പ്രദായികതയുടെ ചുളിവുകളില്ല.
കാണേണ്ട കാഴ്ചകള്‍ ഏതാണെന്ന് സാമ്പത്തിക, സാംസ്‌കാരികാധിപത്യ ശക്തികള്‍ തീരുമാനിക്കുമ്പോള്‍ 'ചേവരുതുപ്പാപ്പ'യിലേക്കും മഖ്ബൂല്‍ ഫിദായിലേക്കും പുണിഞ്ചിത്തായിലേക്കും നമ്മുടെ മനസ്സിനെയും മിഴികളെയും കൊണ്ടുപോവുന്നു 'ഗോചരം'. കവിതാസമാഹാരം എന്നു പറയുന്നതിനേക്കാള്‍, അവര്‍ കാന്‍വാസില്‍ ചാലിച്ച നിറങ്ങള്‍ക്കൊരാഖ്യാനം എന്നു പറയുന്നതാവും ശരി. ഇരട്ടകളുടെ തൂലികയിലും ബ്രഷിലും വിരുന്നെത്തുന്നത് പ്രകൃതിയും മനുഷ്യനുമാണ്. ഇവരുടെ എഴുത്തിലെയും വരകളിലെയും ആഖ്യാനരീതികള്‍ ഒന്നല്ലെങ്കിലും വിഷയത്തിന് ഒരു പിറപ്പേയുള്ളൂ. വേട്ടയാടപ്പെടുന്നവന്റെ, കൈമോശം വന്നുപോവുന്ന നാട്ടുനന്മയുടെ, പതിയെ പതിയെ എവിടെയോ പോയി ഒളിച്ച പേരറിയാത്ത കിളിയൊച്ചകളുടെ രേഖപ്പെടുത്തലുകള്‍.
വാക്കിലെ തീ തിരിച്ചറിയുന്നവനാണ്, ആ തീയില്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നവനാണ്, ഫാഷിസ്റ്റ് വ്യവസ്ഥകള്‍ക്കെതിരേ വാക്കുകളെ ആയുധമാക്കുക. ഈ ഇരട്ടകളും വാക്കിലെ വജ്രമൂര്‍ച്ച തിരച്ചറിഞ്ഞവരാണ്. തിരുത്ത്, തിരിച്ചറിഞ്ഞവരാണ്. സര്‍ഗാത്മകതയുടെ സ്വതന്ത്ര വിഹായസ്സില്‍ ചിറകൊതുക്കിയവരാണ് ഈ ഇരട്ടകള്‍. ഫാഷിസത്തോട് പൊരുത്തപ്പെട്ടു ജീവിക്കുന്ന കലാകാരനെ അവന്റെ കല വേട്ടയാടുമെന്നാണ് ഇവരുടെ മതം.
'ഇരുമ്പറയ്ക്കുള്ളില്‍ ചുടുചോര നിറച്ച് ഉരുക്കുവാക്കുകള്‍ പരതുമ്പോള്‍ ബലാല്‍ക്കാരമേറ്റ തൂലിക, കടിയേറ്റിട്ടും പല്ലുകള്‍ക്കുള്ളില്‍നിന്നു വിഷമൊഴുകുന്നത് കണ്ടുനില്‍ക്കുന്നു.'(ദിക്കുകള്‍ പറയുന്നത്). 'കണ്ണിനീരുറ്റാതെ കദനം കുറിക്കാതെ എഴുതുവാനാവുമോ നവയുഗ ചിത്രം' (നവയുഗ ചിത്രം). ഈ വരികളിലെല്ലാം ഇവര്‍ വച്ചുപുലര്‍ത്തുന്നത് നിശ്ശബ്ദമാക്കപ്പെട്ടവരുടെ ആശങ്കകളാണ്. ദിശയറിയാത്ത ദിക്കില്‍നിന്ന് വിപ്ലവത്തിന്റെ സൂര്യകിരണങ്ങള്‍ കാത്തിരിക്കുന്നവന്റെ പ്രതീക്ഷകളാണ്. കര്‍തൃത്വത്തെക്കുറിച്ച് ബോധവാനായ എഴുത്തുകാരന്റെ നിണം നിറയും നിശ്വാസങ്ങളാണ്.
മനുഷ്യനില്‍ ലീനമായ ദൈവികത്വത്തെ സമൂഹം കളങ്കപ്പെടുത്തുന്നതിനെ കുറിച്ചാണ് ഹസന്റെ കാന്‍വാസുകള്‍ സംസാരിക്കുന്നത്. വിശുദ്ധമാക്കപ്പെട്ട കാലുകളെ തലകീഴായ് സ്വര്‍ണനിറത്തില്‍ വരച്ച് മനുഷ്യനെ പ്രതിനിധീകരിക്കുന്നു ആ ചിത്രം. നിരന്തരം വേട്ടയാടപ്പെടുന്നവന്റെ നിറമാണ് ഹുസൈന്റെ കാന്‍വാസുകള്‍ക്ക്. പേന ഉപയോഗിച്ചു വരയ്ക്കുന്ന ആ ചിത്രങ്ങള്‍ക്ക് വാക്കിനേക്കാള്‍ മൂര്‍ച്ചയുണ്ട്. ഒബ്ജക്റ്റുകളെ ഷേയ്ഡ് ചെയ്യുകയും പുറമെ വരയ്ക്കുകയും ചെയ്യുന്നതാണ് ഹുസൈന്റെ രീതി.
ഒരു നീണ്ട കലഹമായി മാറിയ ഈ ലോകത്തെ, ഇവരുടെ കാന്‍വാസുകള്‍ പോലെ പലവര്‍ണ പൂക്കളുള്ള പൂന്തോപ്പാക്കാനാണ് ഇവരുടെ ശ്രമം. അനീതിയോട് കലഹിക്കാനും ഫാഷിസത്തെ ചെറുക്കാനും അടിച്ചമര്‍ത്തപ്പെട്ടവര്‍ പല വഴി തേടുമ്പോള്‍ ഇവര്‍ നിറങ്ങളിലൂടെ സ്വതന്ത്രവിഹായസ്സിനെ സ്വപ്‌നം കാണുന്നു. ദൃശ്യപ്രപഞ്ചത്തെ വാക്കുകളിലൊതുക്കാനും പരത്താനും അവര്‍ ഇടയ്ക്കിടെ കവികളായും മാറുന്നുണ്ട്.



Next Story

RELATED STORIES

Share it