Idukki local

ഇരട്ടയാര്‍ ആര് ഭരിക്കണമെന്ന് വിമതര്‍ തീരുമാനിക്കും

ഇരട്ടയാര്‍: ഇരുമുന്നണികള്‍ക്കും തുല്യ സീറ്റുകളായതോടെ ഇരട്ടയാറില്‍ ആര് ഭരിക്കണമെന്നതു വിമതര്‍ തീരുമാനിക്കുന്ന നിലയായി. പഞ്ചായത്തില്‍ രണ്ട് കോണ്‍ഗ്രസ് വിമതരാണ് ഇപ്പോള്‍ താരങ്ങളായിരിക്കുന്നത്. ആകെ 14 സീറ്റുകളാണ്.
ആറിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും നാലിടത്ത് ഇരട്ടയാര്‍ സംരക്ഷണ സമിതിയും യുഡിഎഫിന്റെ രണ്ടു വിമതരും ജയിച്ചു. എല്‍ഡിഎഫിന്റെ പിന്തുണയോടെ മല്‍സരിച്ച സമിതിയുടെ അംഗങ്ങളെക്കൂട്ടിയാലും ഇരു മുന്നണികള്‍ക്കും ആറു വീതമാണ് കക്ഷിനില. അവശേഷിക്കുന്ന രണ്ട് വിമതരുടെ നിലപാട് ഇതോടെ നിര്‍ണായകമായി. അഞ്ച്, 14 വാര്‍ഡുകളാണ് വിമതരെ ജയിപ്പിച്ചത്.
അഞ്ചാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസി(എം)നു സീറ്റു നല്‍കിയതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്റെ വിമതയായി പ്രിയ രവീന്ദ്രന്‍ മത്സരിച്ചത്. 68 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് സ്വതന്ത്ര വിജയമ്മയെ പ്രിയ തോല്‍പിച്ചത്.യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസി(എം)ലെ എന്‍ ടി സദാനന്ദന്‍ ഇവിടെ മൂന്നാം സ്ഥാനത്തായി.
ജനറല്‍ സീറ്റായ 14ാം വാര്‍ഡില്‍ വനിതയെ പരിഗണിച്ചതില്‍ പ്രതിഷേധിച്ചാണ് ജോസുകുട്ടി അരീപ്പറമ്പില്‍ വിമതനായത്.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രജനി സജിയെ 23 വോട്ടിന് ജോസുകുട്ടി തോല്‍പ്പിച്ചു.
ആറു മുതല്‍ ഒന്‍പതു വരെ വാര്‍ഡുകളിലാണ് സമിതിയുടെ സ്ഥാനാര്‍ഥികള്‍ ജയിച്ചത്. രണ്ടും 10 വാര്‍ഡുകളില്‍ സി.പി.എമ്മും ജയിച്ചു. മൂന്ന്, 11, 13 വാര്‍ഡുകളില്‍ കേരള കോണ്‍ഗ്രസും ഒന്ന്, നാല്, 12 വാര്‍ഡുകളില്‍ കോണ്‍ഗ്രസും ജയിച്ചിട്ടുണ്ട്. വിമതരെ ഒപ്പം നിര്‍ത്തി തുടര്‍ച്ചയായ രണ്ടാംവട്ടവും ഭരണത്തിലേറാനാണ് യു.ഡി.എഫിന്റെ ശ്രമം.
എന്നാല്‍ വിമതയായി ജയിച്ച വനിതാ അംഗം പ്രസിഡന്റ് സ്ഥാനമടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതില്‍ തട്ടി ചര്‍ച്ചകള്‍ മുടങ്ങിയിരിക്കുകയാണ്.സി.പി.എമ്മിന്റെ രണ്ട് അംഗങ്ങളും പുരുഷന്‍മാരായ ഇവിടെ പഞ്ചായത്ത് പ്രസിഡന്റു പദവി വനിതാ സംവരണമാണ്.അതിനാല്‍ പ്രതിപക്ഷത്തിരിക്കാനാണ് ഇടതുപക്ഷത്തിനും താല്‍പ്പര്യം.
Next Story

RELATED STORIES

Share it