ഇമാം ശാമില്‍ (1797-1871)

റഷ്യന്‍ ചരിത്രത്തില്‍ ഇമാം ശാമിലിന്റെ സ്ഥാനം വളരെ വലുതാണ്. വടക്കന്‍ കോക്കസസിലെ മുസ്‌ലിം ഗോത്രങ്ങളുടെ മതപരവും രാഷ്ട്രീയവുമായ മാര്‍ഗദര്‍ശനത്തിന് ഇമാം ശാമിലിനെയാണ് ആശ്രയിച്ചിരുന്നത്. റഷ്യന്‍ വിരുദ്ധ ചെറുത്തുനില്‍പ്പു സമരങ്ങളിലെ വീരനായകനായിരുന്നു അദ്ദേഹം.

1828ല്‍ ഹജ്ജ് കര്‍മത്തിനു പുറപ്പെട്ട അദ്ദേഹം ഗറില്ലാ യുദ്ധമുറകള്‍ സ്വായത്തമാക്കിയാണ് രാജ്യത്തു തിരിച്ചെത്തിയത്. റഷ്യ ഉസ്മാനിയാ-പേര്‍ഷ്യന്‍ പ്രവിശ്യകളിലേക്ക് നുഴഞ്ഞുകയറിയപ്പോള്‍ സാറിസ്റ്റ് ഭരണകൂടത്തിനെതിരേ കൊക്കേഷ്യന്‍ ദേശീയതകള്‍ യുദ്ധരംഗത്ത് അണിനിരന്നു.

ശെയ്ഖ് മന്‍സൂര്‍, ഖാസി മുല്ല മുതലായവരായിരുന്നു കൊക്കേഷ്യന്‍ യുദ്ധത്തിന്റെ ആദ്യകാല നായകന്‍മാര്‍. 1834ലെ യുദ്ധത്തില്‍ ഖാസി മുല്ല കൊല്ലപ്പെട്ടു. തുടര്‍ന്ന് നേതൃത്വം ശാമിലിനു ലഭിച്ചു. പരസ്പരം പോരടിച്ചുകൊണ്ടിരുന്ന കൊക്കേഷ്യന്‍ ഗോത്രങ്ങളെ റഷ്യക്കെതിരേ അണിനിരത്തുന്നതില്‍ ശാമില്‍ വിജയിച്ചു.

1859 വരെ ഗറില്ലാ യുദ്ധതന്ത്രങ്ങള്‍ പയറ്റി റഷ്യയെ വെല്ലുവിളിച്ചുകൊണ്ടിരുന്നു. 1859ല്‍ റഷ്യന്‍ പട്ടാളം ഇമാം ശാമിലിന്റെ കൊട്ടാരം വളഞ്ഞു. ശാമിലും അദ്ദേഹത്തിന്റെ ധീരരായ അനുയായികളും കീഴടങ്ങാന്‍ സന്നദ്ധമായില്ല. റഷ്യയുടെ 14 ബറ്റാലിയന്‍ പട്ടാളത്തോട് എതിരിട്ട് വിജയം വരിക്കുക അസാധ്യമാണെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു. തന്നെയും തന്റെ നൂറോളം വരുന്ന അനുയായികളെയും തുര്‍ക്കിയിലേക്കു പോവാന്‍ അനുവദിക്കുമെങ്കില്‍ സന്ധിയാവാമെന്നു ശാമില്‍ അറിയിച്ചു.

എന്നാല്‍, റഷ്യ ശാമിലിനോടു നല്ല നിലയിലല്ല പെരുമാറിയത്. പത്തു കൊല്ലത്തേക്ക് അദ്ദേഹം നാടുകടത്തപ്പെട്ടു. പിന്നീട് അദ്ദേഹത്തിന് ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുവാദം ലഭിച്ചു. മക്കളായ ഖാസി മുഹമ്മദിനെയും മുഹമ്മദ് ശാഫിയെയും തടവുകാരായി വച്ചുകൊണ്ടാണ് ഈ അനുവാദം അദ്ദേഹത്തിനു ലഭിച്ചത്. തുര്‍ക്കി മാര്‍ഗമാണ് അദ്ദേഹം മക്കയിലേക്കു യാത്രയായത്.

സുല്‍ത്താന്‍ അബ്ദുല്‍ അസീസ് ഇമാം ശാമിലിനെ തന്റെ അതിഥിയായി സ്വീകരിച്ചു. 1871ല്‍ മദീനയില്‍ വച്ച് ഇമാം ശാമില്‍ അന്തരിച്ചു. ഇമാം ശാമിലിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ണമായും സഫലമായില്ല. എങ്കിലും വര്‍ഷങ്ങള്‍ നീണ്ട യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഒടുവില്‍ വടക്കന്‍ കൊക്കേഷ്യയുടെ സ്വാതന്ത്ര്യം എന്ന പൊതുലക്ഷ്യം നേടിയെടുക്കാന്‍ കഴിഞ്ഞു. മുസ്‌ലിം കൊക്കേഷ്യയുടെ പ്രതീകമായി ഇമാം ശാമില്‍ ഇന്നും ജന മനസ്സുകളില്‍ ജീവിക്കുന്നു.
Next Story

RELATED STORIES

Share it