ഇഫ്‌ലു പഠനകേന്ദ്രം മരവിപ്പിച്ചതിനു പിന്നില്‍ ഗൂഢാലോചന

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: മലപ്പുറം ഇഫ്‌ലു (ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്‌സിറ്റി) പഠനകേന്ദ്രം യൂനിവേഴ്‌സിറ്റി മരവിപ്പിച്ചതിനു പിന്നില്‍ ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥതലത്തില്‍ നടത്തിയ ഗൂഢാലോചന.
മലപ്പുറത്ത് ഇഫ്‌ലു കേന്ദ്രം ആരംഭിച്ച ശേഷം രണ്ട് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് മാത്രം നടത്തിയ ശേഷം യൂനിവേഴ്‌സിറ്റി കേന്ദ്രം മരവിപ്പിക്കുകയായിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ഥാപനം തുടങ്ങുന്നതിനായി 75 ഏക്കര്‍ സ്ഥലമാണ് കേരളം ഇഫ്‌ലുവിന് കൈമാറിയിരുന്നത്.
കേന്ദ്ര മാനവ വിഭവശേഷി വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കേരളത്തില്‍ സെന്റര്‍ തുടങ്ങുന്നതില്‍ താല്‍പര്യമുണ്ടായിരുന്നില്ല. ഇങ്ങനെ ഒരു കേന്ദ്രത്തിന്റെ ആവശ്യമില്ലെന്ന് അവര്‍ ഫയലില്‍ എഴുതുകയും ചെയ്തു. പിന്നീട് ഇ അഹമ്മദ് മാനവവിഭവശേഷി സഹമന്ത്രിയായിരുന്ന സമയത്താണ് ഫയല്‍ നീങ്ങിത്തുടങ്ങിയത്. 2013 മാര്‍ച്ചിലാണ് 75 ഏക്കര്‍ കേരള സര്‍ക്കാര്‍ ഇഫ്‌ലുവിനു കൈമാറിയത്. കേരളത്തില്‍ പഠിക്കാന്‍ കുട്ടികളെ കിട്ടുമോ എന്നറിയാന്‍ ബിഎ, എംഎ കോഴ്‌സുകള്‍ തുടങ്ങാതെ രണ്ട് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ മാത്രമാണ് ആരംഭിച്ചത്. ഇംഗ്ലീഷും ഫ്രഞ്ചും ആയിരുന്നു പഠിപ്പിക്കാന്‍ തിരഞ്ഞെടുത്ത സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍. പഠിക്കാന്‍ ആളില്ലെന്ന് വരുത്തിത്തീര്‍ത്ത് കോഴ്‌സ് ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ഫ്രഞ്ച് പഠിക്കാന്‍ ആദ്യ ബാച്ചില്‍ ആകെ ചേര്‍ന്നത് 11 പേര്‍. അതില്‍ മൂന്നുപേര്‍ പഠനം നിര്‍ത്തി. 2013 ഡിസംബറോടെ പ്രസ്തുത സര്‍ട്ടിഫിക്കറ്റ് കോഴ്‌സും നിര്‍ത്തിവച്ചു. ഇഫ്‌ലുവിന്റെ മുഖ്യ കേന്ദ്രമായ ഹൈദരാബാദില്‍ പ്രവേശനപ്പരീക്ഷ എഴുതുന്ന 6000ലധികം കുട്ടികളില്‍ 1500 പേരും മലയാളികളാണ്. 2000 മുതല്‍ കൊച്ചിയില്‍ ഉണ്ടായിരുന്ന പ്രവേശനപ്പരീക്ഷാകേന്ദ്രം 2013ല്‍ സര്‍വകലാശാല അടച്ചുപൂട്ടി.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരിഞ്ച് സ്ഥലം പോലും നല്‍കാതെ ആരംഭിച്ച ലഖ്‌നോയിലെ സെന്റര്‍ പരിതാപകരമായ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് 75 ഏക്കര്‍ വച്ചുനീട്ടിയ കേരളത്തെ അവഗണിച്ചത്.
11ാം പഞ്ചവല്‍സരപദ്ധതിയില്‍ 1,029 കോടിയുടെ പദ്ധതിയും കേരളത്തില്‍ പഠനകേന്ദ്രം തുടങ്ങാന്‍ പ്രാരംഭപ്രവര്‍ത്തനത്തിനുള്ള മൂലധനമായി 30 കോടി രൂപയും ഇഫ്‌ലു കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനായി പണം അനുവദിക്കാന്‍ കേന്ദ്രം തയ്യാറായില്ല.
Next Story

RELATED STORIES

Share it