Readers edit

ഇപ്പോള്‍ വേണ്ടത്  സാംസ്‌കാരിക മഹാസഖ്യം

ഇപ്പോള്‍ വേണ്ടത്  സാംസ്‌കാരിക മഹാസഖ്യം
X
slug-enikku-thonnunnathuവി എം ഫഹദ്, ആലപ്പുഴ

കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യപകുതിയില്‍ ഫാഷിസ്റ്റ് തേര്‍വാഴ്ചയുടെ കാലത്ത് ജീവിച്ചിരിക്കുകയെന്നാല്‍ പ്രതികരിക്കുക എന്നാണര്‍ഥം എന്നു മനസ്സിലാക്കിയ എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും കലാകാരന്‍മാരും ബുദ്ധിജീവികളുമൊക്കെ ചേര്‍ന്ന് പാരിസില്‍ വച്ച് 'മനുഷ്യസംസ്‌കാരത്തിനു കാവല്‍ നില്‍ക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി. ഇന്ത്യയില്‍ മോദിയുടെ ഭരണകാലത്ത് എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഉയര്‍ത്താനുള്ള മുദ്രാവാക്യവും മറ്റൊന്നല്ല. സര്‍ക്കാര്‍ പുരസ്‌കാരം തിരിച്ചേല്‍പ്പിച്ചുകൊണ്ട് നയന്‍താര സെഗാള്‍ പറഞ്ഞത്, വിയോജിപ്പു പ്രകടിപ്പിച്ചതിന്റെ പേരില്‍ മരിച്ചവര്‍ക്കും വിയോജിച്ചതിന്റെ പേരില്‍ ഭീതിയില്‍ കഴിയുന്നവര്‍ക്കും വേണ്ടി താന്‍ പുരസ്‌കാരം തിരിച്ചുനല്‍കുന്നുവെന്നാണ്. ഏതെങ്കിലും സംഘടനയുടെ തീരുമാനപ്രകാരമോ നേതാവിന്റെ ആഹ്വാനപ്രകാരമോ അല്ല ഈ അവാര്‍ഡ് വാപസി നടന്നിട്ടുള്ളത്. അവാര്‍ഡ് തിരിച്ചുനല്‍കിയവര്‍ മാത്രമാണ് ഫാഷിസ്റ്റ്‌വിരുദ്ധ ചേരിയിലുള്ളതെന്നു വിചാരിക്കരുത്. വിയോജിക്കുന്നു എന്നതാണു പ്രധാനം.
ബിജെപി സര്‍ക്കാരിന്റെ കീഴില്‍ കാണുന്ന മുസ്‌ലിംകളോടും ദലിതുകളോടും മതേതരവാദികളോടുമുള്ള കടുത്ത അസഹിഷ്ണുതയില്‍ ഇന്ത്യയിലെ എഴുത്തുകാരും ബുദ്ധിജീവികളും പ്രതികരിക്കുന്നത് ഇരകളാക്കപ്പെട്ട വിഭാഗത്തെ സംബന്ധിച്ചിടത്തോളം വളരെ ആശാവഹമാണ്. പീഡിപ്പിക്കപ്പെടുന്ന സമൂഹത്തിനുവേണ്ടി നിലകൊള്ളുകയാണ് പുരോഗമനപരമായി ചിന്തിക്കുന്നവര്‍ ചെയ്യേണ്ടതെന്ന തിരിച്ചറിവാണ് അവര്‍ പ്രകടിപ്പിക്കുന്നത്. ഇന്നുവരെ ഇത്തരം യാതൊരു രാഷ്ട്രീയ വിവാദങ്ങളുടെയും ഭാഗഭാക്കാവുകയോ അതാഗ്രഹിക്കുകയോ ചെയ്യാത്ത ആളുകളും അക്കൂട്ടത്തിലുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്.
അടിയന്തരാവസ്ഥക്കാലത്തേതുപോലുള്ള ബുദ്ധിജീവികളുടെ മന്ദിപ്പല്ല ഇപ്പോള്‍ പ്രകടമാവുന്നത്. അലന്‍ പേറ്റന്‍ പറഞ്ഞതുപോലെ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുകയെന്നത് സ്വാതന്ത്ര്യമനുഭവിക്കുന്നവരുടെ ലക്ഷണമാണ്.
ഫാഷിസമെന്നാല്‍ സംസ്‌കാരത്തില്‍നിന്നുള്ള പിന്‍മാറ്റമാണെന്നു പറഞ്ഞത് ജര്‍മന്‍-പോളിഷ് ചിന്തകനായ നോര്‍ബര്‍ട്ട് ഏലിയാസാണ്. മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരത്തില്‍നിന്ന് പരസ്പരം വെറുക്കുകയും സംഹരിക്കുകയും ചെയ്യുന്ന സംസ്‌കാരത്തിലേക്കുള്ള പിന്മാറ്റം. ഇന്ത്യയിലിപ്പോള്‍ ഈ സാംസ്‌കാരിക പിന്മാറ്റമാണു സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ നാം സാംസ്‌കാരികപ്രവര്‍ത്തനങ്ങളെ ഫാഷിസത്തിനെതിരേ ഏകീകരിപ്പിക്കേണ്ടതുണ്ട്. മതേതരവാദിയാവുകയെന്നാല്‍ ഇപ്പോള്‍ അതിന്റെയര്‍ഥം രാജ്യത്തിന്റെ സാംസ്‌കാരിക-വിശ്വാസ വൈവിധ്യങ്ങളെ ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തോടുകൂടി നിലനിര്‍ത്തുകയെന്നാണ്. അതായത് പുരോഗമന-മതേതര കാഴ്ചപ്പാടിലേക്കുള്ള, സാമൂഹികജീവിതത്തിലേക്കുള്ള വളര്‍ച്ചയാണ് ഫാഷിസത്തിനെതിരേയുള്ള പോരാട്ടം. ആ പോരാട്ടം എന്‍ഡിഎയില്‍ വലിയ സമ്മര്‍ദ്ദമായി അനുഭവപ്പെടും. ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോള്‍ അതിന്റെ പ്രത്യാഘാതം ശ്രദ്ധിക്കുക. ആ യുവാവിന്റെ ആത്മബലി രാജ്യത്തിന്റെ മതേതര-ജനാധിപത്യ സംവിധാനത്തിന്റെ നിലനില്‍പുമായി ബന്ധപ്പെടുത്തിയാണ് പൊതുജനങ്ങള്‍ മനസ്സിലാക്കുന്നത്. അതു മനസ്സിലാക്കിയാണ് കേന്ദ്രഭരണകൂടത്തിലെ പ്രമുഖര്‍ രോഹിതിനെതിരായി പ്രചാരണം നടത്താന്‍ നോക്കിയത്. ഡല്‍ഹിയില്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരേ പണ്ട് ബ്രിട്ടിഷുകാര്‍ സ്വാതന്ത്ര്യസമരസേനാനികളെ ജയിലിലിടാന്‍ നിര്‍മിച്ച രാജ്യദ്രോഹ നിയമങ്ങള്‍ ഉപയോഗിക്കാന്‍ ആഭ്യന്തരമന്ത്രി തത്രപ്പെടുന്നുവെങ്കില്‍ അതു സൂചിപ്പിക്കുന്നത് ഭരണകൂടത്തിന്റെ പരിഭ്രമമാണ്. ആ പരിഭ്രമത്തില്‍ ഫാഷിസത്തിനെതിരേ ശക്തിപ്പെടുന്ന കൂട്ടായ്മയുടെ ശക്തിയാണ് പ്രതിഫലിക്കുന്നത്.
Next Story

RELATED STORIES

Share it