Second edit

ഇപിഡബ്ല്യു പത്രാധിപരുടെ രാജി

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ രാഷ്ട്രീയതലങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ക്ക് വായനക്കാര്‍ ആശ്രയിക്കുന്ന പ്രസിദ്ധീകരണമാണ് ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലി. 1949ല്‍ സച്ചിന്‍ ചൗധരിയുടെ പത്രാധിപത്വത്തില്‍ ഇക്കണോമിക് വീക്ക്‌ലി എന്ന പേരില്‍ തുടങ്ങിയ പ്രസിദ്ധീകരണം 1966ലാണ് ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലി എന്നു പേരുമാറ്റിയത്. ഇന്നേവരെ ഉടമകളായ സമീക്ഷ ട്രസ്റ്റ് നിലവാരം നഷ്ടപ്പെടാതെ ഇപിഡബ്ല്യു പുറത്തിറക്കിയിട്ടുണ്ട്.
എന്നാല്‍, 11 വര്‍ഷത്തെ പത്രാധിപത്യത്തിനുശേഷം റാം മനോഹര്‍ റെഡ്ഡി രാജിവച്ചത് ഇപിഡബ്ല്യുവിനെയും വിവാദക്കുരുക്കില്‍ പെടുത്തിയിരിക്കുകയാണ്. ഏപ്രിലില്‍ വിരമിക്കാനിരുന്ന റെഡ്ഡി നേരത്തേ രാജിവച്ചത് ഉടമകളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ്. പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങളില്‍ തനിക്ക് പൂര്‍ണമായ അധികാരാവകാശങ്ങള്‍ വേണമെന്നാണ് റെഡ്ഡിയുടെ ആവശ്യം. അതേപോലെ തന്നെ ഇപിഡബ്ല്യുവിന്റെ 50 കൊല്ലത്തെ ചരിത്രത്തെ ആസ്പദമാക്കി പുറത്തുനിന്നുള്ള ധനസഹായത്തോടെ ഒരു ഡോക്യുമെന്ററി നിര്‍മിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ ട്രസ്റ്റ് എതിര്‍ത്തതും രാജിക്ക് കാരണമായി.
ഇപിഡബ്ല്യുവിന്റെ സ്ഥിരം എഴുത്തുകാരും വായനക്കാരും റെഡ്ഡിയോടൊപ്പമാണ് എന്നുള്ളതാണ് സംഭവപരമ്പരകളിലെ ഏറ്റവും ശ്രദ്ധേയമായ സംഗതി. പത്രമുടമകളുടെയും പത്രാധിപന്മാരുടെയും പാരസ്പര്യത്തെ കുറിച്ചുള്ള പ്രസക്തമായ ചില ചോദ്യങ്ങളിലേക്ക് ഈ വിഷയം വിരല്‍ചൂണ്ടുന്നു.
Next Story

RELATED STORIES

Share it