ernakulam local

ഇന്‍ഷുറന്‍സ്: സ്വന്തം ഓട്ടോറിക്ഷ കത്തിച്ച പ്രതി പിടിയില്‍

കാലടി: മറ്റൂര്‍ തോട്ടേക്കാട് ഭാഗത്ത് ഇന്‍ഷുറന്‍സ് പണം തട്ടുന്നതിനായി സ്വന്തം ഓട്ടോറിക്ഷ കത്തിച്ച പ്രതി പിടിയില്‍. മറ്റൂര്‍ തോട്ടേക്കാട് മാഞ്ഞൂക്കാരന്‍ വീട്ടില്‍ എല്‍ദോസിനെയാണ് പോലിസ് അറസ്റ്റു ചെയ്തത്. ബൈക്ക് യാത്രികനെ ഇടിച്ചു പരിക്കേല്‍പിച്ചത് മറച്ചുവക്കുന്നതിനുമായാണ് ഓട്ടോ കത്തിച്ചത്.
കഴിഞ്ഞ 31ന് പുലര്‍ച്ചെ സ്വന്തം ഓട്ടോറിക്ഷ ആരോ മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് കത്തിച്ചു നശിപ്പിച്ചതായി എല്‍ദോസ് പരാതി നല്‍കിയിരുന്നു. സയന്റിഫിക് അസിസ്റ്റന്റിന്റെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. പ്രതി പതിവായി മദ്യപിച്ചു വാഹനമോടിക്കുന്നയാളാണ്. സംഭവം നടന്നതിനു തലേദിവസം രാത്രി 8ന് മറ്റൂര്‍ ഭാഗത്തുവച്ച് പ്രതി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ബൈക്ക് ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോവുകയായിരുന്നു. വീട്ടിലെത്തി വാഹനം സ്ഥിരമായി പാര്‍ക്ക് ചെയ്യുന്ന പാടത്ത് ഒതുക്കിയിട്ടശേഷം വീണ്ടും മറ്റൂരെത്തി കാര്യങ്ങള്‍ തിരക്കിയ പ്രതി ഏതോ ഒരാളെ വാഹനാപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരമറിഞ്ഞു. തന്റെ വാഹനമിടിച്ചാണ് പരിക്കേറ്റതെന്ന് കരുതി ഭയചകിതനായി വീണ്ടും തന്റെ വാഹനം പാര്‍ക്ക് ചെയ്ത സ്ഥലത്തെത്തി വലിയ കരിങ്കല്ല് ഓട്ടോറിക്ഷയുടെ സമീപം കൊണ്ടുവന്നിട്ടു. തുടര്‍ന്ന് പൂണൂരുള്ള തന്റെ അമ്മയുടെ വീട്ടിലെത്തി പ്രതി അവിടത്തെ റേഷന്‍ കടയില്‍നിന്നും രണ്ടുലിറ്റര്‍ മണ്ണെണ്ണ വാങ്ങിയശേഷം വീട്ടില്‍ തിരിച്ചെത്തി അര്‍ധരാത്രിയായപ്പോള്‍ വാഹനം കത്തിക്കുകയായിരുന്നുവെന്ന് എല്‍ദോസ് പറഞ്ഞു.
ബൈക്കില്‍ ഇടിച്ച വാഹനം ചുവപ്പു നിറമുള്ളതാണെന്നും വാഹനത്തിന്റെ നമ്പര്‍ കെഎല്‍ 63 ബി യിലാണ് തുടങ്ങുന്നതെന്നും ഓട്ടോ ടാക്‌സി മോഡല്‍ ഓട്ടോറിക്ഷയാണെന്നും പറഞ്ഞ സൂചനകളില്‍നിന്നാണ് കത്തിച്ചത് ഉടമസ്ഥന്‍ തന്നെയായിരിക്കുമെന്ന നിഗമനത്തിലെത്തിയത്. കാലടി പോലിസ് ഇന്‍സ്‌പെക്ടര്‍ വി എസ് നവാസിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പ്രിന്‍സിപ്പല്‍ എസ്‌ഐ അനില്‍കുമാര്‍ ടി മേപ്പിള്ളി, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ അബു, അഭിലാഷ്, സിവില്‍ പോലിസ് ഓഫിസര്‍ ബിനു, സാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it