thrissur local

ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടത്തിലെ ആദ്യകെട്ടിടം ഉദ്ഘാടനം നാളെ

കൊരട്ടി: ഐടി രംഗത്ത് പുതിയ കുതിപ്പുമായി ഇന്‍ഫോപാര്‍ക്ക് തൃശൂരിന്റെ രണ്ടാംഘട്ടം 21-ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിനാണ് ഉദ്ഘാടനച്ചടങ്ങ്.
മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, മന്ത്രി സി എന്‍ ബാലകൃഷ്ണന്‍, ഇന്നസെന്റ് എംപി., ബി ഡി ദേവസി എംഎല്‍എ, വ്യവസായ, ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍ ഐഎഎസ്, ഇന്‍ഫോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഋഷികേശ് നായര്‍ സംസാരിക്കും. രണ്ടാം ഘട്ടത്തിലെ പ്രമുഖ കമ്പനികളായ അല്‍മോതാഹിത എജ്യൂക്കേഷന്‍, യൂവിയോണിക്‌സ് ടെക്, യോപ്റ്റിമിസോ ഐടി സൊല്യൂഷന്‍സ്, ബ്രാഡോക്ക് ഇന്‍ഫോടെക്, ഐസിറ്റി അക്കാദമി എന്നിവയ്ക്കുള്ള താക്കോലുകള്‍ ഉദ്ഘാടനച്ചടങ്ങില്‍ കൈമാറും.
രണ്ടാം ഘട്ടത്തിലെ ആദ്യ കെട്ടിടമായ ഇന്ദീവരത്തില്‍ 3.3 ലക്ഷം ചതുരശ്രയടി സ്ഥലമാണ് ബിസിനസിനായി ലഭ്യമാകുന്നത്. മൂവായിരത്തിലധികം പേര്‍ക്ക് പുതിയതായി മികച്ച ജോലി ലഭിക്കാന്‍ ഇതുവഴി കഴിയും. പതിനയ്യായിരം പേര്‍ക്ക് നേരിട്ടല്ലാതെ ജോലി ലഭിക്കും. കേരളത്തിലെ അടുത്ത ഐടി ലക്ഷ്യസ്ഥാനമായി ഇന്‍ഫോപാര്‍ക്ക് തൃശൂരിനെ മാറ്റുന്നതിനുള്ള തയാറെടുപ്പുകളാണ് നടക്കുന്നത്.
എയര്‍പോര്‍ട്ടിനോടും നാഷണല്‍ ഹൈവേയോടുമുള്ള സാമീപ്യവും എപ്പോഴും ലഭ്യമാക്കുന്ന വൈദ്യുതിയും വെള്ളവും ഇന്റര്‍നെററ് കണക്ടിവിറ്റിയും കൊരട്ടി ഇന്‍ഫോപാര്‍ക്കിന് പുതിയ ചിറകുകള്‍ നല്കും. ഐടി സംരംഭകരംഗത്തെ ഒട്ടേറെ പ്രമുഖര്‍ ഇപ്പോള്‍ത്തന്നെ കൊരട്ടിയില്‍ താത്പര്യം കാണിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it