Business

ഇന്‍കെല്‍ 1.2 കോടി ലാഭവിഹിതം സംസ്ഥാന സര്‍ക്കാരിനു കൈമാറി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന പൊതുസ്വകാര്യ സംരംഭമായ ഇന്‍കെല്‍ ലിമിറ്റഡിന്റെ 2014-15 വര്‍ഷത്തെ ലാഭവിഹിതമായ 1.215 കോടി രൂപ മാനേജിങ് ഡയറക്ടര്‍ ടി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു കൈമാറി. 2008ല്‍ സര്‍ക്കാര്‍ പങ്കാളിത്തത്തിലാക്കിയ ശേഷം മൂന്നാമത്തെ തവണയാണ് ഇന്‍കെല്‍ ലാഭവിഹിതം സമര്‍പ്പിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ പ്രൊജക്ട് ഡെവലപ്‌മെന്റ്, അഡൈ്വസറി സര്‍വീസ്, പ്രൊജക്ട് മാനേജ്‌മെന്റ്, ഹൈടെക് കൃഷി, പാലങ്ങളുടെയും റോഡുകളുടെയും നിര്‍മാണം തുടങ്ങി വിവിധ മേഖലകളിലേക്ക് ഇന്‍കെല്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
കൊച്ചിയില്‍ 75 കോടി രൂപയുടെ വല്ലാര്‍പാടം കണെ്ടയ്‌നര്‍ ഫ്രൈറ്റ് സ്‌റ്റേഷന്‍, അങ്കമാലിയിലെ 30 കോടി രൂപയുടെ വ്യവസായ വാണിജ്യകേന്ദ്രം, മലപ്പുറത്തെ 10 കോടി രൂപയുടെ എന്‍.ടി.ടി.എഫ്. നൈപുണ്യവികസന കേന്ദ്രം, അഞ്ച് കോടി രൂപയുടെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എന്നിവയാണ് ഇന്‍കെലിന്റെ പ്രധാന പദ്ധതികള്‍. 55 കോടി രൂപ ചെലവില്‍ അങ്കമാലിയില്‍ നിര്‍മിക്കുന്ന ഓഫിസ്, തിരുവനന്തപുരത്തെ 55 കോടി രൂപയുടെ വാണിജ്യകേന്ദ്രം, വേമ്പനാട്ട് കായലും വെല്ലിങ്ടണ്‍ ഐലന്റും ബന്ധിപ്പിക്കുന്ന 90 കോടി രൂപയുടെ പാര്‍ക്ക് എന്നിവയാണ് നിലവില്‍ നടപ്പാക്കുന്ന പദ്ധതികള്‍.
റോഡുകളും പാലങ്ങളും ഉള്‍പ്പെടെ 300 കോടിരൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇന്‍കെല്‍ ഏറ്റെടുത്തിട്ടുള്ളത്. വരുംവര്‍ഷങ്ങളില്‍ 500 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്‍കെല്‍ ചെയര്‍മാന്‍ കൂടിയായ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മന്ത്രി അടൂര്‍ പ്രകാശ്, വ്യവസായ ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍, കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടര്‍ ഡോ. ബീന, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it