kozhikode local

ഇന്റര്‍സോണ്‍ കലോല്‍സവം; പ്രതിഭകള്‍ക്ക് ചുട്ടുപൊള്ളുന്ന കനലാട്ടമാവും

കോഴിക്കോട്: വടക്കന്‍ കേരളം ചുട്ടുപൊള്ളുമ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്റര്‍സോണ്‍ കലോല്‍സവത്തിന് കൊടിയേറ്റം.
കാലിക്കറ്റ് സര്‍വകലാശാല ക്യാംപസിലെ വേദികളില്‍ കലാപ്രതിഭകള്‍ക്ക് മല്‍സരം കനലാട്ടമാകും. മേഖലാ കലോല്‍സവങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരായി ആയിരത്തിഅഞ്ഞൂറിനടുത്ത് കലാപ്രതിഭകളാണ് മാറ്റുരയ്ക്കാനെത്തേണ്ടത്.
കലാലയങ്ങള്‍ വേനലവധിയിലാണ്. ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ. ഇത്തരമൊരു സാഹചര്യവും കലോല്‍സവ നടത്തിപ്പിന് അനുകൂലമല്ല. നാടുമുഴുവന്‍ പൊതുതിരഞ്ഞെടുപ്പിലൂടെ ചൂടിലമര്‍ന്നിരിക്കുകയുമാണ്. വേദിയില്‍ മല്‍സരിക്കുന്ന കലാകാരന്‍മാരും പന്തലില്‍ സംഘാടകരും മാത്രമാകുന്ന അവസ്ഥയാണുണ്ടാവുക.
37ഉം 38ഉം ഡിഗ്രി സെല്‍ഷ്യസില്‍ ചുട്ടുപഴുത്ത കാലാവസ്ഥയില്‍ ഭരതനാട്യവും കുച്ചുപ്പുടിയും കഥകളിയും ആടുന്ന നര്‍ത്തകര്‍ വേഷഭൂഷാദികളണഞ്ഞ് എങ്ങിനെയാണ് മല്‍സരിക്കുകയെന്ന കാര്യം പോലും സംഘാടകര്‍ ഓര്‍ക്കുന്നതേയില്ല. വേണ്ടത്ര വാര്‍ത്താ പ്രാധാന്യം പോലും ലഭിക്കാന്‍ പ്രയാസമാകും.
തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുകിടക്കുന്നതിനിടയില്‍ കലോല്‍സവവാര്‍ത്ത മുങ്ങുക സ്വാഭാവികം.
കലോല്‍സവം മാര്‍ച്ച് മാസത്തില്‍ നടത്തുമെന്നായിരുന്നു ഭാരവാഹികളുടെ ആദ്യ പ്രവചനം. പിന്നീട് ഏപ്രില്‍ മാസം തുടക്കത്തിലുണ്ടാകുമെന്നും വാര്‍ത്തകള്‍ നല്‍കി. അതിനു ശേഷമാണ് 23ന് തുടങ്ങുമെന്നറിയിപ്പുണ്ടായത്. 27നും 28നും രചനാമല്‍സരങ്ങളും 29, 30, മെയ് 1 തിയ്യതികളില്‍ സ്‌റ്റേജിനങ്ങളും നടത്തുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. പരീക്ഷയെ ഈ ദിവസങ്ങള്‍ ബാധിക്കില്ലായെന്ന വരണ്ടന്യായമാണ്' ഇപ്പോഴത്തേത്. യൂനിവേഴ്‌സിറ്റി കാംപസ് ആയതുകൊണ്ട് എല്ലാ സൗകര്യങ്ങളും അവിടെയുണ്ടാകുമെന്ന സമാശ്വാസമുണ്ട് സംഘാടകര്‍ക്ക്.
സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ തന്നെ പ്രാധാന്യമുണ്ട് ഇന്റര്‍സോണ്‍ കലോല്‍സവത്തിനും. യുവ പ്രതിഭകളോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കും ഈ തിയതികളില്‍ കലോല്‍സവം നടത്തുന്നത്. കലാലയങ്ങള്‍ പൂട്ടിക്കിടക്കുന്നതിനാല്‍ അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും സാന്നിധ്യമുണ്ടാകില്ലെന്നും ഉറപ്പ്.
Next Story

RELATED STORIES

Share it