ഇന്ന് വ്യാപാരി ഹര്‍ത്താല്‍; പെട്രോള്‍ പമ്പ് സമരവും തുടങ്ങി

തിരുവനന്തപുരം: വില്‍പ്പന നികുതി അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് ആലപ്പുഴയില്‍ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നു വ്യാപാരികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ കടകള്‍ തുറക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബിന്നി ഇമ്മട്ടിയും സെക്രട്ടറി ഇ എസ് ബിജുവും അറിയിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സെയില്‍സ് ടാക്‌സ് ഓഫിസിലേക്ക് വ്യാപാരികള്‍ മാര്‍ച്ച് നടത്തും.
അതേസമയം, പെട്രോള്‍ പമ്പുകളുടെ ലൈസന്‍സുകള്‍ പുതുക്കിനല്‍കാത്ത ഓയില്‍ കമ്പനികളുടെ നിലപാടില്‍ പ്രതിഷേധിച്ച് കേരളത്തിലെ പമ്പുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടുള്ള സമരം ഇന്നലെ അര്‍ധരാത്രി ആരംഭിച്ചു. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തിലാണു സമരം. ഓയില്‍ കമ്പനി അധികൃതരും പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികളും പലവട്ടം നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമാവാത്തതിനെ തുടര്‍ന്നാണ് പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് സംഘടന സംസ്ഥാന പ്രസിഡന്റ് അഡ്വ. തോമസ് വൈദ്യന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വരെ എക്‌സ്‌പ്ലോസീവ് ലൈസന്‍സ് ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ലൈസന്‍സുകളും ഓയില്‍ കമ്പനികളാണ് എടുത്തുനല്‍കിയിരുന്നത്. ഇതിനായി 1,000 ലിറ്റര്‍ പെട്രോളിന്‍മേല്‍ 47ഉം ഡീസലിന്‍മേല്‍ 43ഉം രൂപ ഈടാക്കുന്നുണ്ട്. കൂടാതെ നിശ്ചിത ശതമാനം ലൈസന്‍സ് ഫീസ് റിക്കവറിയായി ഡീലര്‍മാര്‍ നേരിട്ടും നല്‍കുന്നു. എന്നാല്‍, സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ എടുത്തുനല്‍കാന്‍ കമ്പനി തയ്യാറാവുന്നില്ലെന്ന് തോമസ് വൈദ്യന്‍ കുറ്റപ്പെടുത്തി.

[related]
Next Story

RELATED STORIES

Share it