ഇന്ന് വായനദിനം: പുസ്തകങ്ങളുമായി വായനക്കാരെ തേടി ജന്‍സണ്‍ തോമസ്

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: വായന മരിക്കുന്നില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് പയ്യന്നൂര്‍ കുണ്ടേന്‍കൊവ്വല്‍ സ്വദേശിയായ ജന്‍സണ്‍ തോമസ്. കഴിഞ്ഞ 21 വര്‍ഷമായി പുസ്തകങ്ങള്‍ വി ല്‍പന നടത്തി വായനക്കാരെ വളര്‍ത്തുകയാണ് ഇദ്ദേഹം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി പുസ്തകങ്ങളാണ് കൂടുതലായി വില്‍പന നടത്തുന്നത്. പുസ്തക വില്‍പനയ്ക്കായി സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും കയറിയിറങ്ങുന്നു.
പയ്യന്നൂരിലെ പാരലല്‍ കോളജില്‍ ബിഎ ഹിസ്റ്ററിക്കു പഠിക്കുമ്പോഴാണ് പോക്കറ്റ്മണിക്കായി 1995ല്‍ പുസ്തക വില്‍പന തുടങ്ങിയത്. ഓഫിസുകളിലും വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവധി കിട്ടുമ്പോഴൊക്കെ കയറിയിറങ്ങി വില്‍പന നടത്തുകയായിരുന്നു. ബെന്യാമിന്റെ ആടുജീവിതം, ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, എംടിയുടെ രണ്ടാമൂഴം, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല, വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു, പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ മരുന്ന്, സ്മാരകശിലകള്‍, തകഴിയുടെ കയര്‍, ചെമ്മീന്‍, എസ് കെ പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ, ഒരു തെരുവിന്റെ കഥ, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബരസ്മരണ, ഓര്‍മക്കുറിപ്പ്, ഒഎന്‍വിയുടെ ഭൂമിക്കൊരു ചരമഗീതം, മധുസൂദനന്‍ നായരുടെ നാറാണത്ത് ഭ്രാന്തന്‍, ഡോ. ഗംഗാധരന്റെ ജീവിതമെന്ന അദ്ഭുതം തുടങ്ങിയ പുസ്തകങ്ങള്‍ ഏറെ വിറ്റഴിക്കാന്‍ തനിക്കു സാധിച്ചിട്ടുണ്ടെന്ന് ജന്‍സ ണ്‍ തോമസ് തേജസിനോടു പറഞ്ഞു. ഇപ്പോള്‍ പ്രതിമാസം 50,000 രൂപയോളം പുസ്തകങ്ങള്‍ വിറ്റവകയില്‍ കമ്മീഷനായി ലഭിക്കുന്നുണ്ട്. തവണ വ്യവസ്ഥകളിലാണ് ഇദ്ദേഹം ഓഫിസുകളിലും മറ്റും പുസ്തകങ്ങ ള്‍ എത്തിച്ചുനല്‍കുന്നത്.
ഇതുകൂടാതെ 150ലേറെ രാജ്യങ്ങളുടെ കറന്‍സികളുടെയും വിവിധ നാട്ടുരാജ്യങ്ങളുടെ നാണയങ്ങളുടെയും വന്‍ശേഖരം കൈവശമുണ്ട്. ചെറുപുഴയില്‍ പുസ്തകഭവന്‍ എന്ന പേരില്‍ പ്രി ന്റിങ് പ്രസും ആരംഭിച്ചിട്ടുണ്ട്. 69 പുസ്തകങ്ങള്‍ ഇവിടെ നിന്നു പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ജന്‍സണ്‍ പറഞ്ഞു. ചിരസ്മരണ, വാക്കിന്റെ വഴിയില്‍ വെളിച്ചവും തുടങ്ങിയവ ഇവയില്‍ പ്രധാനപ്പെട്ടതാണ്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജന്‍സണ്‍ പുസ്തകങ്ങ ള്‍ കൂടുതലായി വില്‍പന നടത്തുന്നത്. ഭാര്യ: ജോഫിന. മകള്‍: ഇസബല്‍ ജുവാന.
Next Story

RELATED STORIES

Share it