ഇന്ന് വയോധിക അവഹേളന വിരുദ്ധ ദിനം; ഭൂരിപക്ഷം വയോധികരും അവഹേളനം നേരിടുന്നതായി പഠനം

ന്യൂഡല്‍ഹി: വയോധികരില്‍ ഭൂരിഭാഗവും അവഹേളനം അനുഭവിക്കുന്നവരാണെന്ന് പഠനം. യുഎന്‍ ആഭിമുഖ്യത്തില്‍ വയോധിക അവഹേളന വിരുദ്ധ ദിനമായി ഇന്നാചരിക്കാനിരിക്കെ, സന്നദ്ധ സംഘടനയായ ഏജ്‌വെല്‍ ഫൗണ്ടേഷന്‍ പറത്തുവിട്ട പഠന റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഇന്ത്യയിലെ 323 ജില്ലകളില്‍ നിന്നുള്ള പ്രായം ചെന്ന 3,400 പേരുമായി ആശയവിനിമയം നടത്തിയാണു സംഘടന റിപോര്‍ട്ട് തയ്യാറാക്കിയത്. വയോധികരുടെ ആവശ്യങ്ങളും അവകാശങ്ങളും മുന്‍നിര്‍ത്തിയാണു വിവരശേഖരണം നടത്തിയത്. സാമ്പത്തിക സ്ഥിതിയോ സമൂഹത്തിലെ സ്ഥാനമോ ആരോഗ്യ സ്ഥിതിയോ അവഹേളനത്തിനു തടസ്സമാവുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. വയോധികരില്‍ 65 ശതമാനം പേര്‍ യാതൊരു സാമ്പത്തിക മാര്‍ഗങ്ങളുമില്ലാത്ത ദരിദ്രരാണ്. 35 ശതമാനം പേര്‍ക്ക് സ്വത്തുക്കളും സമ്പാദ്യങ്ങളും നിക്ഷേപവുമുണ്ട്. അവര്‍ക്കു പിന്തുണ നല്‍കാന്‍ മക്കളുമുണ്ട്.
2025 ആവുമ്പോഴേക്കു ലോകത്ത് 60 വയസ്സിനു മുകളിലുള്ളവര്‍ 1.2 ലക്ഷം കോടിയിലെത്തുമെന്നാണ് യുഎന്‍ കണക്കാക്കുന്നത്. ഇതില്‍ നാലു മുതല്‍ ആറു ശതമാനം വരെയുള്ളവര്‍ വീടുകളില്‍ ഉപദ്രവം നേരിടുന്നുണ്ടെന്നും കണക്കാക്കുന്നു. 9 ശതമാനം പേര്‍ ശാരീരികമായ പീഡനം നേരിടുന്നുണ്ടെന്നാണ് സര്‍വേയില്‍ വ്യക്തമായത്.
13 ശതമാനം പേര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ പോലും നിറവേറപ്പെടുന്നില്ല. 20 ശതമാനം പേരെ സാമൂഹിക ജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു. 37 ശതമാനം പേര്‍ അപമര്യാദയായ പെരുമാറ്റം നേരിടുമ്പോള്‍ എട്ടു ശതമാനം പേര്‍ക്കു മറ്റ് തരത്തിലുള്ള പീഡനങ്ങള്‍ സഹിക്കേണ്ടിവരുന്നതായും പഠനത്തില്‍ കണ്ടെത്തി. ഭക്ഷണവും മരുന്നും നിഷേധിക്കല്‍, ഭീഷണിപ്പെടുത്തല്‍, മര്‍ദ്ദനം തുടങ്ങിയ പീഡനങ്ങളാണു പ്രായമായവര്‍ നേരിടുന്നതെന്നും പഠനത്തിലുണ്ട്.
Next Story

RELATED STORIES

Share it