Kollam Local

ഇന്ന് ലോക വന ദിനം: കടുവ സങ്കേതം പദ്ധതി കടലാസില്‍

ആര്യങ്കാവിനും ആന നിരത്തിക്കുമിടയിലുള്ള വനമേഖലയില്‍ കടുവാസങ്കേതം സ്ഥാപിക്കാന്‍ സംസ്ഥാന വനംവന്യജീവി വകുപ്പ് ആവിഷ്‌കരിച്ച ബൃഹദ് പദ്ധതി കടലാസിലൊതുങ്ങുന്നു. സംസ്ഥാന വനംവന്യജീവി വകുപ്പ് പ്രോജക്ടും പ്രാഥമിക പഠന റിപോര്‍ട്ടും കേന്ദ്ര സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച് ഇരുപതു വര്‍ഷം കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച് യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ എക്കോ ഡവലപ്പ്‌മെന്റ് സ്‌കീമില്‍ ഉള്‍പെടുത്തി ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ കോടികണക്കിന് രൂപ ചെലവിട്ട് തെക്കന്‍ വനമേഖലയെ സമ്പുഷ്ടമാക്കുമെന്നും തുടര്‍ന്ന് നിര്‍ദ്ദിഷ്ട കടുവാസങ്കേതം സ്ഥാപിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. കായല്‍ പരപ്പുപോലെ പുല്ലുവളര്‍ന്ന ചെമ്മുഞ്ചി, ചന്നിപ്പുല്ല് വനമേഖലകളിലും, പേപ്പാറ, നെയ്യാര്‍, ശെന്തുരുണി വന്യജീവി സങ്കേതങ്ങളിലും അഗസ്ത്യവനം ഉള്‍പ്പെട്ട കൊടും കാടുകളിലും കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സങ്കേതം ഒരുക്കാന്‍ തീരുമാനിച്ചത്.
128 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള നെയ്യാര്‍ വന്യജീവി സങ്കേതം, 110 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ശെന്തുരുണി വന്യജീവി സങ്കേതം, 53 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പേപ്പാറ വന്യജീവി സങ്കേതം എന്നിവയാണ് പ്രധാനമായും നിര്‍ദ്ദിഷ്ട പദ്ധതിയില്‍ ഉള്‍പെടുത്തിയത്. 291 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ തൊട്ടുരുമ്മി കിടക്കുന്ന ഈ വന്യജീവിസങ്കേതങ്ങളിലായി ഏറ്റവും കുറഞ്ഞത് പത്തു കടുവകളുണ്ടാകുമെന്ന് വന്യജീവി സംരക്ഷണവിഭാഗം അധികൃതര്‍ കണക്കാക്കിയിരുന്നു.
കേരളത്തില്‍ 30നും 70നും ഇടയ്ക്ക് ചതുരശ്ര കിലോമീറ്റര്‍ കാടുകളാണ് ഒരു കടുവയുടെ സ്വതന്ത്രമായ വാസസ്ഥാനമായി പരിഗണിക്കുന്നത്. നെയ്യാര്‍, പേപ്പാറ, ശെന്തുരുണി വന്യജീവിസങ്കേതങ്ങള്‍ക്കു പുറമേ 60 ചതുരശ്ര കിലോമീറ്റര്‍ വീതം വിസ്തൃതിയുള്ള തെന്മല, കുളത്തുപ്പുഴ, പാലോട്, ഫോറസ്റ്റ് റേഞ്ചുകളും 35 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പരുത്തിപ്പള്ളി ഫോറസ്റ്റ് റേയ്ഞ്ചും ആര്യങ്കാവ് റേഞ്ചിലെ 45 ചതുരശ്ര കിലോമീറ്റര്‍ മേഖലയും ഉള്‍പ്പെടുത്തിയാല്‍ 550 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയായി.
ഇതിനു പുറമേ കോട്ടൂര്‍ കാപ്പുകാടു മുതല്‍ അഗസ്ത്യകൂടത്തോളം നീണ്ടു കിടക്കുന്ന 27 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കുമുണ്ട്. ഈ വന്യജീവിസങ്കേതങ്ങളും റെയ്ഞ്ചുകളും തമ്മില്‍ ചേര്‍ന്നാണ് കിടക്കുന്നത്. സംസ്ഥാനത്തെ രണ്ടാമത്തെ കടുവാസങ്കേതത്തിനാണ് തെക്കന്‍ കേരള വനങ്ങളില്‍ വനംവന്യജീവി വകുപ്പ് സ്ഥാനം കണ്ടത്. ഇതിനായുള്ള നടപടികള്‍ ഏറെക്കുറെ പൂര്‍ത്തീകരിക്കുകയും ചെയ്തു. 777 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള തേക്കടിയാണ് നിലവില്‍ കേരളത്തിലെ ഏക കടുവാസങ്കേതം. 1993ലാണ് തെക്കന്‍ കേരള വനങ്ങളില്‍ കടുവകളുണ്ടെന്ന് ആദ്യമായി കണ്ടെത്തിയത്.
വന്യജീവി സെന്‍സസില്‍ ഈ കാടുകളില്‍ കടുവകളുടെ കാല്‍പ്പാടും കാഷ്ടവും കണ്ടെത്തിയിരുന്നു. അതോടെ കടുവകളുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it