ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: സംസ്ഥാനത്ത് വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം കൂടുന്നതായി റിപോര്‍ട്ട്

കെ എം അക്ബര്‍

ചാവക്കാട്: സംസ്ഥാനത്തെ കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ ഉപയോഗം കൂടുന്നതായി സംസ്ഥാന എക്‌സൈസ് ഇന്റലിജന്‍സ് റിപോര്‍ട്ട്. ഓരോ ജില്ലയിലും ലഹരി ഉപയോഗം കൂടുതലുണ്ടെന്ന് കരുതുന്ന കോളജുകളുടെയും ഹോസ്റ്റലുകളുടെയും പട്ടിക ഇന്റലിജന്‍സ് തയ്യാറാക്കി. ഈ പട്ടിക അതത് ജില്ലാകലക്ടര്‍മാര്‍ക്കും പോലിസ് മേധാവികള്‍ക്കും കൈമാറിയ ശേഷം നടപടിക്ക് ശുപാര്‍ശ ചെയ്യാനാണ് നീക്കം.
പ്രഫഷനല്‍ കോളജുകള്‍ക്ക് പുറമെ നഗരങ്ങളിലും ഗ്രാമീണ മേഖലകളിലുമുള്ള ആര്‍ട്‌സ് കോളജുകളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പഠനം പൂര്‍ത്തിയാക്കിയ ശേഷവും ചില ഹോസ്റ്റലുകളില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന പൂര്‍വ വിദ്യാര്‍ഥികളാണ് കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് ഇത്തരത്തില്‍ ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നതെന്നാണ് ഇന്റലിജന്‍സിന് ലഭിച്ചിട്ടുള്ള വിവരം. അവധി ദിവസങ്ങളില്‍ ഇവര്‍ ആവശ്യക്കാരെ കണ്ടെത്തി കഞ്ചാവ് ഉള്‍പ്പെടെയുള്ളവ കൈമാറും. ഇവരില്‍ ചിലര്‍ പുതുതായി എത്തുന്ന വിദ്യാര്‍ഥികളെ കച്ചവടത്തില്‍ കൂട്ടുചേര്‍ക്കുകയും ചെയ്യുന്നുണ്ട്. കഞ്ചാവിനു പുറമെ കൊക്കയിന്‍ പോലുള്ളവ കൈമാറ്റം നടത്തുന്ന സംഘത്തില്‍ പെണ്‍കുട്ടികളുമുണ്ട്.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ലഹരിമരുന്ന് മാഫിയ വിലസുന്നുണ്ട്. സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ ഉപയോഗം അപകടകരമായി മുന്നോട്ട് കുതിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 4,468 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2011ല്‍ 693 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്താണ് ഈ ഞെട്ടിപ്പിക്കുന്ന വര്‍ധനവ്. ഇതിനു പുറമെ അബ്കാരി കേസുകളിലും വന്‍ വര്‍ധനവാണ് രേഖകളിലുള്ളത്. അബ്കാരി ആക്റ്റ് പ്രകാരം 2011ല്‍ 10,176 കേസുകള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ കഴിഞ്ഞ വര്‍ഷം അബ്കാരി കേസുകള്‍ 58,240 എന്ന നിലയിലെത്തി. യുവാക്കള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും ലഹരി വസ്തുക്കളുടെ ഉപയോഗം കൂടുന്നതാണ് എന്‍ഡിപിഎസ് കേസുകള്‍ കൂടുതലാവാന്‍ കാരണമെന്നാണ് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കുന്നത്.
സ്ത്രീകളിലും ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നുണ്ട്. എക്‌സൈസ് വകുപ്പും പോലിസിലെ അവര്‍ റെസ്‌പോണ്‍സിബിലിറ്റി ചില്‍ഡ്രനും സംയുക്തമായി നടത്തിയ പഠനത്തില്‍ കേരളത്തിലെ സ്ത്രീകളിലെ മദ്യപാനം ഇപ്പോള്‍ ആറു ശതമാനമാണെന്നാണ് കണക്ക്. സംസ്ഥാനത്ത് 10 വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കിടയിലെ മദ്യപാനം നാലിരട്ടിയെങ്കിലും വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു. എന്നാല്‍, യഥാര്‍ഥ കണക്ക് ഇതിനുമപ്പുറത്താണെന്ന് പോലിസ് വൃത്തങ്ങള്‍ പറയുന്നു. ഇന്ന് ലഹരിവിരുദ്ധ ദിനത്തില്‍ സര്‍ക്കാറിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
Next Story

RELATED STORIES

Share it