thrissur local

ഇന്ന് ലോക പരിസ്ഥിതി ദിനം: ഹൗസിങ് ബോര്‍ഡ് കോളനിയെ ഹരിതവല്‍ക്കരിച്ച് വര്‍ഗീസ്

ചാലക്കുടി: മുവാണ്ടനും പ്ലിയൂരരുമടക്കം വിവിധയിനത്തില്‍പെട്ട മാവുകള്‍, കൈയെത്തും ഉയരത്തില്‍ തൂങ്ങികിടക്കുന്ന ചക്കകളടങ്ങിയ പ്ലാവുകള്‍, നാരകവും സപ്പോട്ടയും ഇരുമ്പന്‍പുളിയും ആത്തചക്കയും നെല്ലിയുമടക്കം ഇരുപതോളം ഇനത്തില്‍പെട്ട അമ്പത് മരങ്ങള്‍. ഹൗസിങ് ബോര്‍ഡ് കോളനിയിലെ അരേക്കറോളം വരുന്ന സ്ഥലത്തെ കണ്‍കുളിര്‍പ്പിക്കുന്ന കാഴ്ചകളാണിത്.
ഒരു ദിവസം കൊണ്ട് വളര്‍ന്ന് വലുതായ മരങ്ങളൊന്നുമല്ല ഇവ. ഇവ നടുവാനും വെള്ളമൊഴിക്കാനും പരിചരിക്കാനും ഇവിടെ ഒരാളുണ്ട്. തേവലപ്പിള്ളി വീട്ടില്‍ വര്‍ഗീസിന്റെ വിയര്‍പ്പാണ് ഈ ഹരിത തോട്ടം. പരിസ്ഥിതി ദിനാചരണത്തിന് മഹാത്മ്യമൊന്നും വര്‍ഗീസിനറിയില്ല. എന്നിട്ടും വര്‍ഗീസ് മരങ്ങള്‍ നട്ടു. നടുകമാത്രമല്ല വെള്ളവും വളവും നല്‍കി പരിചരിച്ചു. നാലോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പരിസ്ഥിതി ദിനത്തില്‍ ജെസിഐയുടെ സഹകരണത്തോടെ ഇവിടെ കുറച്ച് വൃക്ഷതൈകള്‍ നട്ടു. പരിസ്ഥിതി ദിനാചരണം കഴിഞ്ഞെങ്കിലും മറ്റുള്ളവരെ പോലെ നട്ട വൃക്ഷതൈകള്‍ ഉപേക്ഷിക്കാന്‍ ഈ പ്രകൃതി സ്‌നേഹിക്കായില്ല.
അങ്ങനെ വൃക്ഷത്തൈകളുടെ പരിചരണം വര്‍ഗീസ് ഏറ്റെടുത്തു. അപ്പോള ടയേഴ്‌സിലെ ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ വര്‍ഗീസ് വെള്ളമൊഴിച്ചും വളമിട്ടും വൃക്ഷതൈകള്‍ക്ക് പരിചരണം നല്‍കി. സമീപ വീടുകളില്‍ നിന്നും ബക്കറ്റില്‍ വെള്ളം ശേഖരിച്ച് വെള്ളമൊഴിച്ചു. തൈകള്‍ വളര്‍ന്ന് ചെടികളായും പിന്നീട് മരങ്ങളായും മാറി. പലതിലും കായ്കനികളുണ്ടായി. മരങ്ങളിലെ ഫലങ്ങള്‍ ആര്‍ക്ക് വേണമെങ്കിലും പറിച്ചെടുക്കാം. ഒരു നിര്‍ബന്ധം മാത്രമേ വര്‍ഗീസിനുള്ളൂ. മരങ്ങള്‍ നശിപ്പിക്കരുത്. ഈ വര്‍ഷം വര്‍ഗീസിന് അമ്പത്തിയേഴ് വയസ്സ് തികയും.
ഏഴ് മരങ്ങള്‍ കൂടി നട്ട് ഈ വര്‍ഷം തോട്ടത്തിലെ മരങ്ങളുടെ എണ്ണം അമ്പത്തിയേഴാക്കണമെന്നാണ് വര്‍ഗീസിന്റെ ആഗ്രഹം. കാടും മരവും ചെറുപ്പം മുതലേ വര്‍ഗ്ഗീസിന് പ്രിയപ്പെട്ടതായിരുന്നു. മൂന്നാര്‍ മുതല്‍ വാല്‍പ്പാറവരെ വനത്തിലൂടെ മൂന്ന് ദിവസം നീണ്ട് നിന്ന യാത്ര രണ്ടുവട്ടം വര്‍ഗീസ് നടത്തിയിട്ടുണ്ട്. വേനല്‍കാലത്ത് മരങ്ങള്‍ക്ക് വെള്ളമൊഴിച്ചും വര്‍ഷക്കാലത്ത് കാടുംപടലും പറിച്ചും വര്‍ഗീസ് ഹൗസിങ് ബോര്‍ഡിലുണ്ടാവും. വര്‍ഗീസിനെ ഇവിടത്തെ എല്ലാ മരങ്ങള്‍ക്കുമറിയാം. ഓരോ മരത്തിനേയും പേരെടുത്ത് വിളിച്ച് വര്‍ഗീസും ഇവര്‍ക്കിടയിലെപ്പോഴുമുണ്ടാകും...ഒരു നല്ല പരിസ്ഥിതി സന്ദേശം പോലെ.
Next Story

RELATED STORIES

Share it