ഇന്ന് ലോക പരിസ്ഥിതിദിനം: കുട്ടനാട് കേരളത്തിന്റെ വിഷത്തൊട്ടിയായി മാറുന്നു

ആലപ്പുഴ: ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും പ്രകൃതിരമണീയമായ കുട്ടനാട് കേരളത്തിന്റെ വിഷത്തൊട്ടിയായി മാറുന്നു. നെല്‍കൃഷിക്കുവേണ്ടി മാത്രം കുട്ടനാട്ടില്‍ ഓരോ വര്‍ഷവും 500 ടണ്ണിലധികം കീട-കുമിള്‍ നാശിനികള്‍ പ്രയോഗിക്കുന്നുവെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. നിരോധിത കീടനാശിനികളായ എന്‍ഡോസള്‍ഫാനും ഡിഡി റ്റിയുമൊക്കെ വിവിധ പേരുകളില്‍ ഇവിടെ ഇപ്പോഴും പ്രയോഗിക്കപ്പെടുന്നുണ്ടെന്നതാണു പരസ്യമായ രഹസ്യം.
കാര്‍ഷിക സര്‍വകലാശാല അതാതു കാലത്ത് ഉപയോഗിക്കേണ്ട കീടനാശിനികളുടെയും കളനാശിനികളുടെയും കുമിള്‍നാശിനികളുടെയും എല്ലാം അളവുകള്‍ നിര്‍ദേശിക്കാറുണ്ടെങ്കിലും സര്‍വകലാശാല ശുപാര്‍ശചെയ്യുന്നതിനേക്കാള്‍ 50 മുതല്‍ 75 ശതമാനംവരെ അധികം കീടനാശിനി കുട്ടനാട്ടില്‍ ഉപയോഗിക്കുന്നുണ്ടെന്നാണു പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്. കര്‍ഷകത്തൊഴിലാളികളുടെ ദൗര്‍ലഭ്യവും അമിതമായ കൂലിവര്‍ധനയുമാണു വിഷപ്രയോഗം ഗണ്യമായി വര്‍ധിക്കാന്‍ കാരണമെന്നു കുട്ടനാടന്‍ കര്‍ഷകനായ തങ്കച്ചന്‍ കാട്ടാമ്പള്ളി അഭിപ്രായപ്പെടുന്നു.
മുന്‍കാലങ്ങളില്‍ കീടനാശിനികള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും യഥാസമയം കളകള്‍ പറിച്ചുനീക്കാനും മറ്റും കര്‍ഷകത്തൊഴിലാളികളെ ലഭിക്കാതായതും ലഭ്യമായ തൊഴിലാളികള്‍ അമിത കൂലി ആവശ്യപ്പെട്ടുതുടങ്ങിയതുമാണ് താരതമ്യേനെ ചെലവു കുറഞ്ഞ കളനാശിനിപ്രയോഗത്തിലേക്ക് കര്‍ഷകര്‍ മാറാന്‍ കാരണമെന്നും ഇദ്ദേഹം വിശദീകരിക്കുന്നു. ഈ സ്ഥിതി ഉണ്ടായിരുന്നില്ലെങ്കില്‍ വിഷപ്രയോഗത്തിന്റെ അളവ് പകുതിയായി കുറയ്ക്കാന്‍ സാധിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയോ ഉത്തരവാദിത്തപ്പെട്ട അധികാരികളോ അല്ല മറിച്ച് വിവിധ വിഷക്കമ്പനികളുടെ ഏജന്റുമാരാണു വിഷത്തിന്റെ അളവു തീരുമാനിക്കുന്നതെന്നു കര്‍ഷകത്തൊഴിലാളിയായ കളത്തില്‍ സുരേന്ദ്രന്‍ തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it