ഇന്ന് ലാത്തൂര്‍; നാളെ കേരളം

ഇന്ന് ലാത്തൂര്‍; നാളെ കേരളം
X
slug-environmentമഹാരാഷ്ട്രയില്‍ മറാത്ത്‌വാഡ മേഖലയിലെ ലാത്തൂര്‍ നിവാസികള്‍ കൊടും വരള്‍ച്ചയില്‍ കുടിവെള്ളം കിട്ടാതെ വന്നപ്പോള്‍ കൂട്ടംകൂട്ടമായി, തങ്ങളുടെ കന്നുകാലികളെയും മറ്റും ഒഴിവാക്കി, 500 കിലോമീറ്റര്‍ അകലെയുള്ള മുംബൈയിലേക്കും പൂനെയിലേക്കും പലായനം ചെയ്തു. നാലുവര്‍ഷമായി ലാത്തൂരില്‍ മഴപെയ്തിട്ട്. കുടിവെള്ളം കിട്ടാതെ മലയാളികള്‍ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും മലയാളികളുടെ പൂര്‍വികര്‍ പണ്ടുപണ്ടു കേരളത്തിലേക്കു വന്ന പഴയ പാതകളിലൂടെ കെട്ടും ഭാണ്ഡങ്ങളുമായി നീങ്ങുന്ന കാഴ്ച ഒന്നു സങ്കല്‍പിച്ചുനോക്കൂ. ഇത് ഇന്നല്ലെങ്കില്‍ നാളെ ഇവിടെ സംഭവിക്കും. ഒരമ്പത് വര്‍ഷത്തിനുള്ളില്‍ മലയാളികള്‍ പശ്ചിമഘട്ടത്തിലേക്കും അതിനപ്പുറത്തേക്കും കുടിയേറേണ്ടിവരും. അത്ര വേഗത്തിലാണ് നമ്മുടെ പുഴകള്‍ വറ്റി മരിച്ചുകൊണ്ടിരിക്കുന്നത്, മണ്ണ് ഒലിച്ചുപോവുന്നത്, ഭൂഗര്‍ഭ ജലനിരപ്പ് താണുകൊണ്ടിരിക്കുന്നത്, വനങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നത്, കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിക്കുന്നത്, കുന്നുകള്‍ ഇടിക്കുന്നതും വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതും. വര്‍ഷത്തില്‍ ശരാശരി 300 സെന്റിമീറ്ററിലേറെ മഴ കിട്ടുന്ന കേരളത്തില്‍ വേനല്‍മഴ ഒന്നു ചതിച്ചാല്‍ വരള്‍ച്ചയായി. ഈ വര്‍ഷം അത് കൊടും വരള്‍ച്ചയായി മാറി. പക്ഷേ, വരള്‍ച്ചയും കൊടുംചൂടും കേരളത്തിന്റെ മാത്രം ദുഃഖമല്ലാതായിരിക്കുന്നു ഇത്തവണ. ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ കൊടുംചൂടിലും വരള്‍ച്ചയിലും അമര്‍ന്നുകിടക്കുകയാണ്.
വരുന്ന കാലവര്‍ഷത്തില്‍ ഇന്ത്യയില്‍ സാധാരണ അളവിനേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രസ്താവന ആഹ്ലാദം പകര്‍ന്നിട്ടുണ്ട്. 89 സെന്റിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണു പ്രവചനം. ഇന്ത്യയാകെ ഏകദേശം തുല്യമായി മഴ ലഭിക്കുമത്രെ. വരള്‍ച്ച ഉണ്ടായില്ലെങ്കില്‍ വെള്ളപ്പൊക്കമുണ്ടായേക്കാം. പല കാരണങ്ങളാണ് ഇതിന് കാലാവസ്ഥാവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്, എല്‍ നിനോ സ്വാധീനം ജൂണിനും ജൂലൈയ്ക്കും ഇടയില്‍ കുറയും. രണ്ട്, പോയ നൂറ്റാണ്ടില്‍ എല്‍ നിനോ ഉണ്ടായ 10 വര്‍ഷത്തിനു ശേഷമുള്ള ഏഴു വര്‍ഷങ്ങളിലും ഇന്ത്യയില്‍ സാധാരണ കിട്ടേണ്ടതിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചിട്ടുണ്ട്. 2014ഉം 2015ഉം സമീപകാലത്തെ ശക്തിയേറിയ എല്‍ നിനോ വര്‍ഷങ്ങളായിരുന്നു. മൂന്ന്, സപ്തംബറോടെ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ മഴ കൊണ്ടുവരുന്ന ലാ നിന പ്രതിഭാസം തുടങ്ങുമത്രെ. അങ്ങനെ ഇപ്പോഴത്തെ വരള്‍ച്ചയും ജലക്ഷാമവും മാറിക്കിട്ടുമെന്നാണ് പ്രതീക്ഷ.
ഈ സാഹചര്യത്തില്‍ കാലാവസ്ഥാ മേഖലയില്‍ 2015ല്‍ ഇന്ത്യയില്‍ എന്തൊക്കെ സംഭവിച്ചു എന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കും. അസാധാരണ ശക്തിയുള്ള ഒരു കാറ്റിനോടൊപ്പമെത്തിയ മഴപരമ്പര 2015 മാര്‍ച്ച് മാസത്തില്‍ ഇന്ത്യയിലുടനീളം കുളിരേകി. തികച്ചും അപ്രതീക്ഷിതമായ ഒരു മഴയായിരുന്നു അത്. അതിനു മുമ്പത്തെ 48 വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് ഈ മാര്‍ച്ച് മാസത്തിലായിരുന്നു. ശരാശരി 61.1 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. സാധാരണ ലഭിക്കേണ്ട 30.9 മില്ലിമീറ്ററിന്റെ ഏകദേശം ഇരട്ടി മഴ. 1901ല്‍ ശാസ്ത്രീയമായ രീതിയില്‍ രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയശേഷം ഒരിക്കല്‍ മാത്രമേ മാര്‍ച്ചില്‍ കൂടുതല്‍ മഴ ലഭിച്ചിട്ടുള്ളൂ. അത് 1967ല്‍ ആയിരുന്നു- 63.3 മില്ലിമീറ്റര്‍. നേരത്തേ പറഞ്ഞതരം മഴക്കാറ്റുകള്‍ മെഡിറ്ററേനിയന്‍ പ്രദേശത്തുനിന്നാണ് ഇന്ത്യയിലേക്കു വീശുന്നത്. ഇവ വെസ്റ്റേര്‍ലി ഡിസ്റ്റര്‍ബന്‍സസ് എന്നറിയപ്പെടുന്നു. 2015 മാര്‍ച്ചില്‍ ഇത്തരം അഞ്ചു കാറ്റുകളാണ് ഇന്ത്യയില്‍ എത്തിയത്. ഇതില്‍ പലതും ദക്ഷിണേന്ത്യയിലും മഴയെത്തിക്കുകയുണ്ടായി. ബംഗാള്‍ ഉള്‍ക്കടലില്‍നിന്നു വീശുന്ന ഈസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സസും ഇന്ത്യയുടെ കിഴക്കേ തീരത്ത് നല്ല മഴ ലഭിക്കാന്‍ കാരണമായി. 2015ലെ മാര്‍ച്ച് മാസം ഇന്ത്യന്‍ കാലാവസ്ഥാ പഠനത്തില്‍ ഏറെ സഹായിക്കുന്ന ഒരു കാലമാണെന്ന് കണക്കാക്കപ്പെടുന്നു.
2015 മാര്‍ച്ചിന്റെ അനുഭവം ഇന്ത്യയില്‍ കാലാവസ്ഥയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയാണു സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം ജാര്‍ഖണ്ഡിലും കശ്മീരിലും ചെന്നൈയിലുമുണ്ടായ വെള്ളപ്പൊക്കങ്ങളെ വിലയിരുത്താന്‍. മനുഷ്യന്‍ വരുത്തിവച്ച ദുരന്തങ്ങളായിരുന്നു ഇവയെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തിയിട്ടുണ്ട്. ഒരുമാസം മുമ്പേ അമേരിക്കന്‍ കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടും യാതൊരു മുന്നൊരുക്കങ്ങളും ചെയ്യാതെ ഡാമുകള്‍ തുറന്നുവിട്ട് ചെന്നൈ നഗരത്തെ പ്രളയത്തിന് വിട്ടുകൊടുത്തുവെന്നാണ് പൊതുവെയുള്ള നിഗമനം. ജാര്‍ഖണ്ഡില്‍ നദീതീരത്തെ കൈയേറ്റങ്ങളും അനധികൃത കെട്ടിടംപണിയും മറ്റുമാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്.
ഈ വേനല്‍ക്കാലത്ത് ശരാശരി താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒരുമാസം മുമ്പേ പ്രവചിച്ചിരുന്നു. ഇതിന്റെയര്‍ഥം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കൊടുംചൂടിന്റെ ദിനങ്ങള്‍ കൂടുമെന്നും ഉഷ്ണക്കാറ്റുകള്‍ ഉണ്ടാവാമെന്നുമാണ്. പ്രവചിച്ചപോലെ പല ഉത്തരേന്ത്യന്‍ നഗരങ്ങളിലും താപനില ഉയരുകയുണ്ടായി. ഏപ്രില്‍ 28ന് അലഹബാദില്‍ ഏറ്റവും കൂടിയ താപനില 44.3 രേഖപ്പെടുത്തി. 30 വര്‍ഷം ഓരോ ദിവസവും രേഖപ്പെടുത്തിയ കൂടിയ ചൂടിന്റെ അടിസ്ഥാനത്തില്‍ ചൂട് ഒരുദിവസം 45 ഡിഗ്രി സെല്‍ഷ്യസ് കടക്കുമ്പോഴാണ് ഉഷ്ണക്കാറ്റ് പ്രഖ്യാപിക്കുന്നത്. പോയ വര്‍ഷം ആന്ധ്രപ്രദേശില്‍ മാത്രം ഉഷ്ണക്കാറ്റില്‍ 1,500 പേര്‍ മരണമടഞ്ഞിരുന്നു. എല്‍ നിനോയും ഹരിതഗൃഹവാതകങ്ങളുടെ അളവിലുണ്ടാവുന്ന വര്‍ധനയുമാണ് ഉഷ്ണക്കാറ്റുകളുണ്ടാക്കുന്നതെന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.
ഇപ്പോള്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന വരള്‍ച്ച എന്നാണു തീരുക? വരള്‍ച്ചയ്ക്കു പിന്നാലെ വെള്ളപ്പൊക്കമായിരിക്കുമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഒരുമാസത്തിനകം ഉത്തരം കണ്ടെത്തണം. ഇന്ത്യ മുഴുവനും അനുഭവപ്പെടുന്ന അത്യുഷ്ണത്തിനും വരള്‍ച്ചയ്ക്കും ജലക്ഷാമത്തിനും കാരണമായി കാലാവസ്ഥാ ശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാണിക്കുന്നത് എല്‍ നിനോ എന്ന പ്രതിഭാസമാണ്. ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖ കടന്നുപോവുന്ന പ്രദേശത്ത് അന്തരീക്ഷത്തിലും വെള്ളത്തിലും ചൂടിന് ഉണ്ടാവുന്ന അമിത വര്‍ധനയാണ് എല്‍ നിനോ പ്രതിഭാസം. ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത് 2014ല്‍ തുടങ്ങിയ എല്‍ നിനോ ആണ്. എല്‍ നിനോയുടെ നേരെ എതിര്‍ പ്രതിഭാസമാണ് ലാ നിന. ലാ നിന ശക്തമായാല്‍, അതായത് ശാന്തസമുദ്രത്തിലെ താപം കുറഞ്ഞാല്‍, ഇന്ത്യയില്‍ മഴ അധികമാവുകയും വെള്ളപ്പൊക്കത്തിലും മറ്റും കലാശിക്കുകയും ചെയ്യുന്നതായും കാലാവസ്ഥാ ശാസ്ത്രജ്ഞന്മാര്‍ പഠനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
2004ല്‍ കേരളത്തിലെ പല കാലാവസ്ഥാ സ്റ്റേഷനുകളിലും ഡിസംബറില്‍ താപനില രണ്ടോ മൂന്നോ ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നിരുന്നു. കോഴിക്കോട്ടും പുനലൂരും ഈ കാര്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊച്ചിയിലും നാല് ഡിഗ്രി സെല്‍ഷ്യസ് അധികം രേഖപ്പെടുത്തി. തിരുവനന്തപുരത്ത് 1995 ഡിസംബര്‍ 12ന് 35.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുകയുണ്ടായി. ഈ കണക്കുകളും ഇപ്പോഴത്തെ ചൂടിന്റെ കണക്കുകളും വ്യക്തമാക്കുന്നത് താപനില പതുക്കെ പതുക്കെ ക്രമത്തില്‍ ഉയര്‍ന്നുവന്നു എന്നാണ്. അങ്ങനെയാണ് പാലക്കാട് താപനില 41.9 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയത്. 2005 ഏപ്രിലില്‍ തന്നെ അമേരിക്കയിലെ കാലാവസ്ഥാ സ്ഥാപനങ്ങള്‍ ശക്തികുറഞ്ഞ ഒരു എല്‍ നിനോ ശാന്തസമുദ്രത്തില്‍ രൂപപ്പെട്ടതായി ലോകത്തെ അറിയിച്ചിരുന്നു. ആ വര്‍ഷം കാലവര്‍ഷത്തിന്റെ ശക്തിയെ എല്‍ നിനോ തകര്‍ത്തുവെന്ന് പിന്നീട് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് സമ്മതിച്ചു. ഇതെല്ലാം തെളിയിക്കുന്നത് എല്‍ നിനോയുടെ എതിര്‍സ്വാധീനത്തെയാണ്.
Next Story

RELATED STORIES

Share it