ഇന്ന് ഭരണത്തിലേറും: സത്യപ്രതിജ്ഞ വൈകീട്ട് നാലിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍; പ്രമുഖര്‍ പങ്കെടുക്കും

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു രാവിലെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു, മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച പട്ടികകൈമാറി.


തിരുവനന്തപുരം:
നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകീട്ട് നാലിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണു ചടങ്ങ്. ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. പിണറായി ഉള്‍പ്പെടെ 19 പേരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക.
സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സെക്രട്ടേറിയറ്റ് മന്ദിരത്തിനടുത്ത ഭാഗത്താണു വേദി. വിവിധ രാഷ്ട്രീയകക്ഷിനേതാക്കളും സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങിനു സാക്ഷിയാവും. പൊതുജനങ്ങള്‍ക്കും പ്രവേശനത്തിന് വിപുലമായ സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രധാന പന്തലില്‍ 2,500 പേര്‍ക്ക് ഇരിക്കാം. കൂടാതെ 30,000 പേര്‍ക്ക് സ്റ്റേഡിയത്തില്‍നിന്നു നേരിട്ട് ചടങ്ങ് വീക്ഷിക്കാനാവും.
ഇന്ന് അധികാരമേല്‍ക്കുന്നത് ജനങ്ങളുടെ സര്‍ക്കാരാണെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കക്ഷിരാഷ്ട്രീയ, ജാതിമതവര്‍ഗ വ്യത്യാസമില്ലാത്ത എല്ലാ ജനങ്ങളുടെയും സര്‍ക്കാരായിരിക്കും. രാഷ്ട്രീയ വേര്‍തിരിവില്ലാതെ ജനങ്ങളെ ഒന്നായി കണ്ടാവും പ്രവര്‍ത്തിക്കുക. മുഴുവന്‍ ജനങ്ങളുടെയും അത്താണിയായി നിലകൊള്ളും. എല്ലാവിഭാഗം ജനങ്ങളുടെ ക്ഷേമവും സര്‍ക്കാര്‍ ഉറപ്പാക്കും. വീറും വാശിയുമെല്ലാം തിരഞ്ഞെടുപ്പോടെ കഴിഞ്ഞു. ഇനി വേണ്ടത് നാടിന്റെ വികസനത്തിനായുള്ള ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ്. എല്ലാവരുടെയും വാക്കുകള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കും. പൊതുസമൂഹത്തിന്റെ മനസ്സ് ഒപ്പമുണ്ട്. നന്മയുടെയും നീതിയുടെയും നല്ലനാളിനായി എല്ലാവരും ഒരുമിച്ചുപ്രവര്‍ത്തിക്കണം.
ജനങ്ങളുടെ സഹകരണമാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. ജനം പുറംതിരിഞ്ഞുനിന്നാല്‍ ജനാധിപത്യപ്രക്രിയ പൂര്‍ണമാവില്ല. നീതി, സാഹോദര്യം, സമൃദ്ധി, സമാധാനം, പുരോഗതി എന്നിവയ്ക്കായി പ്രവര്‍ത്തിക്കും. അത്തരമൊരു കാലം ഉണ്ടാവണമെന്നാണ് ആഗ്രഹം. നേതൃതലത്തിലും ഉദ്യോഗസ്ഥതലത്തിലും ഒരുതരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ലെന്നും അഴിമതിക്കാരെ അകറ്റിനിര്‍ത്തുമെന്നും വ്യക്തമാക്കിയ നിയുക്ത മുഖ്യമന്ത്രി, ചില അവതാരങ്ങളെ സൂക്ഷിക്കണമെന്നും ഓര്‍മിപ്പിച്ചു.
തന്റെ സ്വന്തക്കാരാണെന്നു പറഞ്ഞ് ചിലര്‍ വരാം. ഇതിനകം തന്നെ തന്റെ പേരുപറഞ്ഞ് പലരും രംഗത്തുവന്നതായി അറിയാന്‍ കഴിഞ്ഞു. ഇതും അഴിമതിയുടെ ഭാഗമാണ്. ഇത്തരക്കാര്‍ക്ക് തന്റെ രീതി അറിയില്ല. ഇവരെക്കുറിച്ച് വിവരം ലഭിച്ചാല്‍ തന്നെ അറിയിക്കണം. പേഴ്‌സനല്‍ സ്റ്റാഫ് ഉള്‍പ്പെടെ കാര്യക്ഷമതയും സത്യസന്ധരുമായ ആളുകളെ മാത്രമേ സര്‍ക്കാരിന്റെ ഭാഗമാക്കൂ. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത മുഴുവന്‍ ജനാധിപത്യവിശ്വാസികളെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായും ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി അറിയിക്കുന്നതായും പിണറായി പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് തുടങ്ങിയവരും പങ്കെടുക്കും. ഇന്നു രാവിലെയോടെ മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരും. രാവിലെ രാജ്ഭവനിലെത്തി ഗവര്‍ണറെ കാണും. സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിസഭാ യോഗം ചേരും. ഇതിനുശേഷം സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതിയും ഭാവിപരിപാടികളും മാധ്യമങ്ങളോട് വിശദീകരിക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it