Kollam Local

ഇന്ന് കൊടിയിറക്കം: അവസാന ലാപ്പില്‍ ചാത്തന്നൂരും വെളിയവും

കൊട്ടാരക്കര: കൊല്ലം റവന്യു ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് ഇന്ന് തിരശ്ശീല വീഴും. ഇത്തവണയും കിരീടം നേടാനുള്ള പോരാട്ടത്തിലാണ് ചാത്തന്നൂര്‍ ഉപജില്ല. അതേസമയം, പതിവില്‍ നിന്ന് വ്യത്യസ്ഥമായി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ശക്തമായ മല്‍സരം കാഴ്ചവയ്ക്കാന്‍ വെളിയം ഉപജില്ലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇരു ഉപജില്ലകളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അവസാന മണിക്കൂറുകളിലും നടക്കുന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 227 പോയന്റ് ചാത്തന്നൂരിനുണ്ട്. 203 പോയന്റ് നേടിയ കൊല്ലം രണ്ടാംസ്ഥാനത്തും 185 പോയന്റുമായി വെളിയം മൂന്നാംസ്ഥാനത്തുമാണ്.
അതേസമയം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വെളിയമാണ് മുന്നില്‍. 224 പോയന്റാണ് ഇതുവരെ വെളിയം ഉപജില്ലയുടെ സമ്പാദ്യം. 206 പോയന്റ് നേടിയ ചാത്തന്നൂര്‍ തൊട്ടുപിറകിലുണ്ട്. 194 പോയന്റ നേടി കൊല്ലമാണ് മൂന്നാംസ്ഥാനത്ത്. യുപി വിഭാഗത്തില്‍ 102 പോയന്റുമായി ചാത്തന്നൂരാണ് ഒന്നാംസ്ഥാനത്ത്. 92 പോയന്റ് നേടിയ വെളിയം രണ്ടാംസ്ഥാനത്തും 91 പോയന്റുകളുമായി ചടയമംഗലം മൂന്നാംസ്ഥാനത്തുമാണ്.
ഹൈസ്‌കൂള്‍ വിഭാഗം അറബിക് കലോല്‍സവത്തില്‍ 19 മല്‍സരങ്ങളില്‍ 16 എണ്ണം പൂര്‍ത്തീകരിച്ചപ്പോള്‍ 76 പോയന്റുമായി ചവറയാണ് മുന്നില്‍. 72 പോയന്റുമായി കരുനാഗപ്പള്ളിയും 71 പോയന്റുമായി ശാസ്താംകോട്ടയുമാണ് തൊട്ടുപിന്നില്‍. യുപി വിഭാഗം അറബിക്കില്‍ 13 മല്‍സരങ്ങളില്‍ 11 എണ്ണം പൂര്‍ത്തീകരിച്ചപ്പോള്‍ 55 പോയന്റുമായി വെളിയമാണ് ഒന്നാംസ്ഥാനത്ത്. 53 പോയന്റുമായി കരുനാഗപ്പള്ളിയും 51 പോയന്റുമായി ചടയമംഗലവുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.
ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃത കലോല്‍സവത്തില്‍ 19 മല്‍സരങ്ങളില്‍ 10 എണ്ണം പൂര്‍ത്തിയാകുമ്പോള്‍ 50 പോയന്റുമായി ചാത്തന്നൂരാണ് മുന്നില്‍. 45 പോയന്റുകള്‍ വീതം നേടിയ കുളക്കടയും വെളിയവുമാണ് രണ്ടാംസ്ഥാനത്ത്. 43 പോയന്റുകള്‍ നേടി കരുനാഗപ്പള്ളിയും ശാസ്താംകോട്ടയും മൂന്നാംസ്ഥാനത്തുണ്ട്. യുപി വിഭാഗം സംസ്‌കൃത കലോല്‍സവത്തില്‍ 19 മല്‍സരങ്ങളില്‍ 15എണ്ണം പൂര്‍ത്തിയാകുമ്പോള്‍ 75 പോയന്റുകള്‍ നേടി ചാത്തന്നൂരും വെളിയവും ഒന്നാംസ്ഥാനത്താണ്. 66 പോയന്റ് നേടിയ കുളക്കടയാണ് രണ്ടാംസ്ഥാനത്ത്. 65 പോയന്റുമായി കരുനാഗപ്പള്ളിയാണ് മൂന്നാംസ്ഥാനത്ത്.
Next Story

RELATED STORIES

Share it