ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഗുജറാത്ത് ലയണ്‍സിനെ നേരിടും; സിംഹവേട്ടയ്ക്ക് രാജാക്കന്‍മാര്‍

മൊഹാലി: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ മുന്‍ റണ്ണേഴ്‌സപ്പായ കിങ്‌സ് ഇലവന്‍ പഞ്ചാബ് പുതുമുഖ ടീമായ ഗുജറാത്ത് ലയണ്‍സിനെ എതിരിടും. പഞ്ചാബിന്റെ ഹോംഗ്രൗണ്ടായ മൊഹാലി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മല്‍സരം.
ഐപിഎല്‍ അരങ്ങേറ്റം ഗംഭീരമാക്കാനുറച്ചാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന നയിക്കുന്ന ഗുജറാത്ത് ഇന്ന് അങ്കത്തട്ടിലിറങ്ങുന്നത്. എന്നാല്‍, ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലറുടെ കീഴിലാണ് പഞ്ചാബ് സീസണിലെ ആദ്യ പോരിന് തയ്യാറെടുക്കുന്നത്. ഐപിഎല്ലിന്റെ പ്രാരംഭ എഡിഷന് മുതലുള്ള ടീമായ പഞ്ചാബിന് ഇതുവരെ ടൂര്‍ണമെന്റില്‍ കിരീടം നേടാനായിട്ടില്ല.
2014ല്‍ റണ്ണേഴ്‌സപ്പായതും പ്രഥമ എഡിഷനില്‍ മൂന്നാം സ്ഥാനത്തെത്തിയതുമാണ് ടൂര്‍ണമെന്റില്‍ പഞ്ചാബിന്റെ ഏറ്റവും വലിയ മുന്നേറ്റങ്ങള്‍. ഗ്ലെന്‍ മാക്‌സ് വെല്‍, ഷോണ്‍ മാര്‍ഷ്, മിച്ചെല്‍ ജോണ്‍സന്‍, കെയ്ല്‍ അബോട്ട്, ഫര്‍ഹാന്‍ ബെഹാര്‍ഡിയെന്‍, മുരളി വിജയ്, മനന്‍ വോഹ്‌റ, മോഹിത് ശര്‍മ, അക്ഷര്‍ പട്ടേല്‍, വൃഥിമാന്‍ സാഹ, റിഷി ധവാന്‍ എന്നീ മികച്ച താരങ്ങള്‍ പഞ്ചാബ് നിരയില്‍ അണിനിരയ്ക്കുന്നുണ്ട്.
കൂറ്റനടിക്കാരായ മില്ലറും മാക്‌സ്‌വെല്ലുമാണ് പഞ്ചാബിന്റെ തുറുപ്പുചീട്ട്. മികച്ച ഇന്നിങ്‌സുകളോടെ മല്‍സരഗതി മാറ്റാന്‍ കഴിവുള്ള താരമാണ് മാര്‍ഷ്. ജോണ്‍സന്‍ നയിക്കുന്ന ബൗളിങ് ആക്രമണം ഏറ്റെടുക്കാന്‍ മോഹിതും റിഷിയും സ്പിന്‍ പടയെ നയിക്കാന്‍ അക്ഷറും പഞ്ചാബ് നിരയിലുണ്ട്. പഞ്ചാബ് ടീമിന്റെ മുഖ്യ പരിശീലകനായി സഞ്ജയ് ബാംഗറെത്തുമ്പോള്‍ ഉപദേശകന്റെ റോളില്‍ മുന്‍ വെടിക്കെട്ട് താരം വീരേന്ദര്‍ സെവാഗിനെ കാണാം.
അതേസമയം, കുട്ടിക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളാണ് ഗുജറാത്ത് നായകനായ റെയ്‌ന. ഐപിഎല്‍ ചരിത്രത്തില്‍ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനായ റെയ്‌ന തന്റെ ടീമിനെ എതിരാളികള്‍ക്കു മുന്നില്‍ സിംഹ കൂട്ടമാക്കാനുള്ള തയ്യാറെടുപ്പിലാണ്. കുട്ടിക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ താരങ്ങള്‍ അണിനിരയ്ക്കുന്ന ടീം കൂടിയാണ് ഗുജറാത്ത്.
വെടിക്കെട്ട് താരങ്ങളായ ന്യൂസിലന്‍ഡിന്റെ ബ്രെന്‍ഡന്‍ മക്കുല്ലം, വിന്‍ഡീസിന്റെ ഡ്വയ്ന്‍ സ്മിത്ത്, ഡ്വയ്ന്‍ ബ്രാവോ, ഓസീസിന്റെ ആരണ്‍ ഫിഞ്ച്, ജെയിംസ് ഫോക്‌നര്‍, ഇന്ത്യയുടെ ദിനേഷ് കാര്‍ത്തിക് എന്നിവര്‍ കൂറ്റനടികളുമായി ആരാധകരുടെ മനംകവര്‍ന്നാല്‍ എതിരാളികള്‍ വിജയത്തിനായി നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നുറപ്പ്.
മികച്ച ബൗളിങ് നിരയും ഗുജറാത്തിനുണ്ട്. ഡെയ്ല്‍ സ്റ്റെയ്ന്‍, പ്രവീണ്‍ കുമാര്‍, ധവാല്‍ കുല്‍ക്കര്‍ണി, രവീന്ദ്ര ജഡേജ എന്നിവരോടൊപ്പം ബാറ്റ്‌സ്മാരെ കുഴക്കാന്‍ ബ്രാവോയും പന്തെറിയും. ബ്രാഡ് ഹോഡ്ജാണ് ഗുജറാത്തിന്റെ മുഖ്യ പരിശീലകന്‍.
Next Story

RELATED STORIES

Share it