ഇന്ദ്രാണി മുഖര്‍ജി അപകടനില തരണം ചെയ്തു

മുംബൈ: ഗുരുതരാവസ്ഥയില്‍ ജെ.ജെ. ആശുപത്രിയില്‍ കഴിയുന്ന ഷീനാ ബോറ കൊലക്കേസിലെ പ്രതി ഇന്ദ്രാണി മുഖര്‍ജി അപകടനില തരണം ചെയ്തു. അവര്‍ക്ക് ബോധം തെളിഞ്ഞിട്ടുണ്ട്. ഇന്ദ്രാണിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവര്‍ സംസാരിക്കുന്നുണ്ടെ ന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. 48 മണിക്കൂറിനകം ഇന്ദ്രാണിക്ക് ആശുപത്രി വിടാനാവുമെന്ന് ജെ.ജെ. ആശുപത്രി ഡീന്‍ ഡോ. ടി പി ലഹാനെ വാര്‍ത്താലേഖകരോട് പറഞ്ഞു.വെള്ളിയാഴ്ചയാണ് ഗുരുതരാവസ്ഥയില്‍ ഇന്ദ്രാണിയെ ബൈക്കുള ജയിലില്‍ നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അപ്പോള്‍ അവര്‍ക്കു ബോധമില്ലായിരുന്നു. അമിതമായി മരുന്ന് കഴിച്ചതാണ് ഇന്ദ്രാണി ഗുരുതരാവസ്ഥയിലാവാന്‍ കാരണമെന്ന് സംശയിക്കപ്പെടുന്നുണ്ട്.അടുത്ത 48 മണിക്കൂര്‍ അവര്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് ലഹാനെ പറഞ്ഞു. ഇന്ദ്രാണി അമിതമായി ഗുളിക കഴിച്ചെന്നും ഇല്ലെന്നുമാണ് രണ്ട് പരിശോധനാ റിപോര്‍ട്ടുകളില്‍ പറയുന്നത്. ഈ വൈരുധ്യം ചൂണ്ടിക്കാണിച്ചപ്പോള്‍ രണ്ടും വ്യത്യസ്തമായ പരിശോധനകളാണെന്നായിരുന്നു ലഹാനെയുടെ മറുപടി. ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയാണ് വിശ്വസനീയവും ആധികാരികമെന്നും ആ പരിശോധനയില്‍ യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it