ഇന്ത്യ വേണ്ട; സിംബാബ്‌വേയിലേക്ക് അയക്കണം: ഛോട്ടാ രാജന്‍

ജക്കാര്‍ത്ത: ഇന്ത്യയിലെത്തിയാല്‍ കൊല്ലപ്പെടുമെന്നും തന്നെ സിംബാബ്‌വേയിലേക്ക് അയക്കണമെന്നും ഇന്തോനീസ്യയില്‍ പിടിയിലായ അധോലോക നേതാവ് ഛോട്ടാ രാജന്‍ ബാലി പോലിസിനോട് ആവശ്യപ്പെട്ടു. അറസ്റ്റിലായ ഉടനെ ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞു മാറിയ ഇയാള്‍ പിന്നീട് ഛോട്ടാരാജനാണെന്നു സമ്മതിക്കുകയും സിംബാബ്‌വേയിലേക്കു പോവണമെന്ന് ആവര്‍ത്തിക്കുകയുമാണെന്ന് ബാലി പോലിസ് കമ്മീഷണര്‍ റിന്‍ഹാര്‍ദ് നൈന്‍ഗോലാന്‍ പറഞ്ഞു.
അതേസമയം, ദാവൂദ് ഇബ്രാഹീമടക്കമുള്ള എതിരാളികളില്‍ നിന്നുള്ള ഭീഷണിയെ ഭയപ്പെടുന്നില്ലെന്ന് ഛോട്ടാ രാജന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇയാളുടെ സുരക്ഷ ബാലി പോലിസ് ശക്തമാക്കിയിട്ടുണ്ട്. ഛോട്ടാരാജന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന റിപോര്‍ട്ടുകള്‍ കമ്മീഷണര്‍ തള്ളി. ഏഴു വര്‍ഷമായി ആസ്‌ത്രേലിയയില്‍ ഒളിവിലായിരുന്നു രാജന്‍. കഴിഞ്ഞ ഞായറാഴ്ച സിഡ്‌നിയില്‍ നിന്നു ബാലിയിലെത്തിയ ഉടനെ ആസ്‌ത്രേലിയ-ഇന്തോനീസ്യ പോലിസ് സംയുക്തമായാണ് അറസ്റ്റ് ചെയ്തതെന്നു റിന്‍ഹാര്‍ദ് നൈന്‍ഗോലാന്‍ പറഞ്ഞു. ഛോട്ടാരാജന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എങ്ങനെ കൈവശപ്പെടുത്തി എന്ന് ഇന്ത്യന്‍ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശി മോഹന്‍കുമാറിന്റെ പേരിലുള്ള പാസ്‌പോര്‍ട്ട് 2008 ജൂലൈ എട്ടിന് സിഡ്‌നിയില്‍ നിന്നാണ് ഛോട്ടാരാജന്‍ കൈവശപ്പെടുത്തിയത്. ഇതിന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം ലഭിച്ചെന്നാണു സംശയിക്കുന്നത്.
Next Story

RELATED STORIES

Share it