Flash News

ഇന്ത്യ രക്ഷപ്പെട്ടു

ബംഗളൂരു: തോല്‍വിക്കരികില്‍ നിന്ന് അവിസ്മരണീയ തിരിച്ചുവരവിലൂടെ മുന്‍ ചാംപ്യന്‍മാരായ ഇന്ത്യ രക്ഷപ്പെട്ടു. ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നലെ നടന്ന ആവേശകരമായ രണ്ടാം മല്‍സരത്തില്‍ ബംഗ്ലാദേശിനെയാണ് ഇന്ത്യ മറികടന്നത്. അവസാന പന്ത് വരെ കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ പോരാട്ടത്തില്‍ ഒരു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ആതിഥേയരായ ഇന്ത്യ കരസ്ഥമാക്കിയത്. അവസാന ഓവറില്‍ 11 റണ്‍സാണ് ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ മൂന്ന് പന്തില്‍ ഒമ്പത് റണ്‍സ് നേടി ബംഗ്ലാ കടുവകള്‍ നീലപ്പടയെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍, അവസാന ഓവര്‍ ആത്മവിശ്വാസത്തോടെ എറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യ പിന്നീടുള്ള മൂന്ന് പന്തുകള്‍ റണ്ണൊന്നും വിട്ടുകൊടുക്കാതെ മൂന്നു വിക്കറ്റുകള്‍ ഇന്ത്യന്‍ അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഇതില്‍ അവസാന പന്തില്‍ റണ്ണൗട്ടായിരുന്നു. ഇതോടെ ട്വന്റിയില്‍ ബംഗ്ലാദേശിനോട് ഇതുവരെ തോറ്റിട്ടില്ലായെന്ന റെക്കോഡ് കാത്ത് സൂക്ഷിക്കാനും ഇന്ത്യക്കായി. ട്വന്റിയില്‍ അഞ്ച് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ഇന്ത്യക്ക് തന്നെയായിരുന്നു ജയം. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സെമി ഫൈനല്‍ സാധ്യത സജീവമാക്കുകയും ചെയ്തു. എന്നാല്‍, തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ ബംഗ്ലാദേശ് സെമി ഫൈനല്‍ കാണാതെ പുറത്തായി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 146 റണ്‍സെടുത്തു. മറുപടിയില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 145 റണ്‍സെടുക്കാനെ ബംഗ്ലാദേശിന് സാധിച്ചുള്ളൂ.32 പന്തില്‍ അഞ്ച് ബൗണ്ടറിയോടെ 35 റണ്‍സെടുത്ത ഓപണര്‍ തമീം ഇഖ്ബാലാണ് ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോറര്‍. ഇന്ത്യക്കു വേണ്ടി ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.നേരത്തെ 23 പന്തില്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 30 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. അശ്വിനാണ് മാന്‍ ഓഫ് ദി മാച്ച്. ഇന്ന് കളിയില്ല. നാളെ നടക്കുന്ന ആദ്യ മല്‍സരത്തില്‍ ഗ്രൂപ്പ് രണ്ടില്‍ ആസ്‌ത്രേലിയ പാകിസ്താനെയും രണ്ടാമങ്കത്തില്‍ ഗ്രൂപ്പ് ഒന്നില്‍ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെയും എതിരിടും.
Next Story

RELATED STORIES

Share it