ഇന്ത്യ-ബംഗ്ലാദേശ് ഭൂമി കൈമാറ്റം; മണ്ഡല പുനര്‍നിര്‍ണയം നടത്താന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് ചര്‍ച്ചയുടെ ഫലമായി ബംഗ്ലാദേശില്‍ നിന്നു ലഭിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ക്കു വോട്ടവകാശം ഉറപ്പുവരുത്താന്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കി. മെയ് 29നാണ് 294 അംഗ പശ്ചിമബംഗാള്‍ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാവുന്നത്.
പശ്ചിമബംഗാളിലെ ചില ഭാഗങ്ങളില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് നിയമങ്ങളിലെ ചില വ്യവസ്ഥകളില്‍ പാര്‍ലമെന്റ് ഭേദഗതി വരുത്തേണ്ടതുണ്ട്. ഇത്തരം ആളുകള്‍ക്കു വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടാക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ നിയമവകുപ്പിലെ ഉദ്യോഗസ്ഥരോടു വ്യക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന് മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതിനായി ജനപ്രാതിനിധ്യ നിയമത്തിലെ ചില വ്യവസ്ഥകളിലും മാറ്റംവരുത്തേണ്ടതുണ്ട്. കഴിഞ്ഞ ജൂലൈ 31ന് ബംഗ്ലാദേശും ഇന്ത്യയും തര്‍ക്കം നിലനിന്ന 162 ഭൂപ്രദേശങ്ങളാണു പരസ്പരം കൈമാറിയിരുന്നത്.
ബംഗ്ലാദേശില്‍ 111 ഇന്ത്യന്‍ നിയന്ത്രണത്തിലുണ്ടായിരുന്ന ഭൂപ്രദേശങ്ങളും ഇന്ത്യയില്‍ 51 ബംഗ്ലാദേശി ഭൂപ്രദേശങ്ങളുമാണ് ഉള്‍പ്പെട്ടിരുന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ 6-7 തിയ്യതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ബംഗ്ലാദേശ് സന്ദര്‍ശനത്തെ തുടര്‍ന്നാണു തര്‍ക്ക സ്ഥലങ്ങള്‍ പരസ്പരം കൈമാറി പ്രശ്‌നം പരിഹരിച്ചത്. 51 എന്‍ക്ലേവുകളിലെ 14000 പേരില്‍ 921 പേര്‍ ഇന്ത്യന്‍ പൗരത്വം എടുത്തിട്ടുണ്ട്. ഇവര്‍ക്കുള്ള വോട്ടവകാശം ഉറപ്പുവരുത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.
Next Story

RELATED STORIES

Share it