Editorial

ഇന്ത്യ-പാക് ബന്ധത്തില്‍ പുതിയ തുടക്കം

ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പാകിസ്താന്‍ സന്ദര്‍ശനവും ഇന്ത്യ-പാക് ചര്‍ച്ച പുനരാരംഭിക്കുമെന്ന പ്രഖ്യാപനവും ഇരുനാടുകളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ തുടക്കമാണ്. പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായും അദ്ദേഹത്തിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായും സുഷമ സ്വരാജ് വിശദമായ ചര്‍ച്ച നടത്തിയിരുന്നു. അടുത്ത വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനില്‍ സന്ദര്‍ശനം നടത്തുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. 2012 സപ്തംബറിലാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ അവസാനമായി ഉന്നതതല ഉഭയകക്ഷി ചര്‍ച്ച നടന്നത്.
ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറി 18 മാസം പുലര്‍ത്തിയ സമീപനത്തില്‍ നിന്നും പാകിസ്താന്‍ നയത്തില്‍ നിന്നും വ്യത്യസ്തമായി നിര്‍ണായകവും സക്രിയവുമായ നടപടിയായി ഈ സന്ദര്‍ശനവും തുടര്‍നീക്കങ്ങളും കാണാം. മാസങ്ങള്‍ക്കു മുമ്പ് റഷ്യയിലെ ഉഫയില്‍ ഇരുപ്രധാനമന്ത്രിമാരും തമ്മില്‍ കണ്ടിരുന്നു. അവരുടെ സംഭാഷണത്തിനു തുടര്‍ച്ചയായി സര്‍താജ് അസീസ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തി ചര്‍ച്ച തുടരാനായിരുന്നു തീരുമാനം. എന്നാല്‍, കശ്മീരില്‍ ഹുര്‍റിയത്ത് നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തുന്നതില്‍ ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്നുള്ള വാക്‌യുദ്ധത്തിന്റെ അവസാനം അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി. ചര്‍ച്ചയുടെ സാധ്യതകള്‍ അടഞ്ഞു.
ഏതാനും ദിവസം മുമ്പ് പാരിസില്‍ മോദിയും ശരീഫും തമ്മില്‍ കണ്ടിരുന്നു. അതിനു ശേഷം ബാങ്കോക്കില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും വിദേശകാര്യ സെക്രട്ടറിമാരും തമ്മില്‍ ചര്‍ച്ച നടന്നു. ഈ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പാകിസ്താനില്‍ എത്തിയത്. വലിയ കോലാഹലങ്ങളും ബഹളങ്ങളും കൂടാതെയാണ് ഇത്തവണ ചര്‍ച്ചകള്‍ നടന്നത്. ഇന്ത്യ-പാക് സൗഹൃദബന്ധത്തിനു വിഘാതം നില്‍ക്കുന്ന ശക്തികള്‍ ഇരുനാടുകളിലും ഉണ്ടെന്നതു രഹസ്യമല്ല. പക്ഷേ, ഇത്തവണ പരസ്യപ്രഖ്യാപനങ്ങളൊന്നും കാര്യമായി വന്നില്ല. പ്രചാരണഘോഷങ്ങളില്ലാതെ ചര്‍ച്ചകള്‍ സുഗമമായി നടക്കുമെന്ന് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ മുന്നൊരുക്കം ഇരുനാടുകളിലും ഭരണകൂടങ്ങള്‍ സ്വീകരിച്ചുവെന്നു വ്യക്തം. തുടര്‍ന്നുള്ള ചര്‍ച്ചകളിലും ഇതേ രീതി സ്വീകരിച്ചാല്‍ സമാധാനപരമായ സഹവര്‍ത്തിത്വം എന്ന ലക്ഷ്യം നേടാനാവും. ചര്‍ച്ചകള്‍ സ്തംഭനത്തിലാകുന്നത് ഒഴിവാക്കി വിവിധ തലങ്ങളില്‍, നിശ്ചിത ഇടവേളകളില്‍ സ്ഥിരമായി കാണുന്നതിനും ചര്‍ച്ച തുടരുന്നതിനുമുള്ള ക്രമീകരണമാണ് ആവശ്യം. ഇന്നലെകളില്‍ നിന്നു പാഠം പഠിക്കാന്‍ ഇരു ഭരണകൂടങ്ങളും തയ്യാറാകണം.
ഇന്ത്യയും പാകിസ്താനും പക്വതയും ആത്മവിശ്വാസവും കാണിക്കേണ്ട സമയമായെന്നും ലോകം മാറുന്നത് ഉള്‍ക്കൊള്ളണമെന്നും പാകിസ്താനില്‍ നടന്ന അഫ്ഗാന്‍ സംഗമത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രസ്താവിച്ചിരുന്നു. പാകിസ്താനുമായി സഹകരിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി. നല്ല അയല്‍പക്കബന്ധമാണ് ഇരുനാടുകളിലുമുള്ള സമാധാനകാംക്ഷികളായ ജനത ആഗ്രഹിക്കുന്നത്. രാഷ്ട്രനേതാക്കള്‍ ഈ വികാരം മനസ്സിലാക്കി ശാശ്വത സമാധാനത്തിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.
Next Story

RELATED STORIES

Share it