ഇന്ത്യ-പാക് പോരാട്ടം മാര്‍ച്ച് 19ന്

മുംബൈ: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി ക്രിക്കറ്റ് ലോകകപ്പിനുള്ള ഗ്രൂപ്പുകളും മല്‍സരക്രമങ്ങളും ഐസിസി പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ ഇടം നേടിയതാണ് മല്‍സരക്രമത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം അരങ്ങേറുന്നത് മാര്‍ച്ച് 19ന് ഹിമാചല്‍പ്രദേശിലെ ധര്‍മശാലയിലാണ്. മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് ആറാമത് ട്വന്റി ലോകകപ്പ് മല്‍സരങ്ങള്‍ അരങ്ങേറുന്നത്. സൂപ്പര്‍ 10ലേക്ക് യോഗ്യത തേടി എട്ടു ടീമുകള്‍ രണ്ട് ഗ്രൂപ്പുകളായി ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശ്, ഹോളണ്ട്, അയര്‍ലന്‍ഡ്, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പ് രണ്ടിലേക്ക് യോഗ്യത നേടി മല്‍സരിക്കാനിറങ്ങുക. ഗ്രൂപ്പ് ബിയില്‍ സ്‌കോട്ട്‌ലന്‍ഡ്, സിംബാബ്‌വെ, അഫ്ഗാനിസ്താന്‍, ഹോങ്കോങ് എന്നിവരാണ് ഗ്രൂപ്പ് ഒന്നിലേക്ക് യോഗ്യത നേടാനായി പോരടിക്കുന്നത്. മരണഗ്രൂപ്പിലാണ് ആതിഥേയരും പ്രഥമ ട്വന്റി ലോകകപ്പ് ചാംപ്യന്‍മാരുമായ ഇന്ത്യ ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസം നിലനിര്‍ക്കുന്നതിനിടെയാണ് ട്വന്റി ലോകകപ്പില്‍ ഇരു ടീമും മുഖാമുഖം വരുന്നത്.മുന്‍ ജേതാക്കളായ പാകിസ്താനു പുറമേ ശക്തരായ ആസ്‌ത്രേലിയയും ന്യൂസിലന്‍ഡുമാണ് ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പ് രണ്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, മുന്‍ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സൂപ്പര്‍ 10 സ്റ്റേജിലെ ആദ്യ മല്‍സരം ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ്. മാര്‍ച്ച് 15ന് നാഗ്പൂരിലാണ് പോരാട്ടം. മാര്‍ച്ച് 19ന് പാകിസ്താനെ എതിരിടുന്ന ഇന്ത്യ 23ന് ഗ്രൂപ്പ് എയില്‍ നിന്ന് യോഗ്യത തേടിയെത്തുന്ന ടീമുമായി ഏറ്റുമുട്ടും. മാര്‍ച്ച് 27ന് മൊഹാലിയില്‍ ആസ്‌ത്രേലിയയുമായാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മല്‍സരം. സൂപ്പര്‍ 10 സ്റ്റേജില്‍ ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് സെമി ഫൈനലിലെത്തുക. നാഗ്പൂര്‍, മുംബൈ, കൊല്‍ക്കത്ത, ധര്‍മശാല, മൊഹാലി, ന്യൂഡല്‍ഹി എന്നിവയാണ് മല്‍സര വേദികള്‍. മാര്‍ച്ച് 30ന് ഡല്‍ഹിയിലും 31 മുംബൈയിലുമാണ് സെമി മല്‍സരങ്ങള്‍ അരങ്ങേറുന്നത്. ഏപ്രില്‍ മൂന്ന് ഞായറാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് കലാശപ്പോരാട്ടം.
Next Story

RELATED STORIES

Share it