ഇന്ത്യ-പാക് ചര്‍ച്ച മാറ്റിയേക്കും

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടുത്തയാഴ്ച നടത്താ ന്‍ തീരുമാനിച്ച ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച നീട്ടിവച്ചേക്കും. ഈ മാസം 14, 15 ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാല്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാകിസ്താന്‍ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസും തമ്മിലുള്ള ചര്‍ച്ചയ്ക്കു ശേഷമായിരിക്കും സെക്രട്ടറിതല കൂടിക്കാഴ്ച നടക്കുകയെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കുറച്ചു ദിവസങ്ങള്‍ക്കകം തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
അതിനിടെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചൈനീസ് സന്ദര്‍ശനം നീട്ടിവച്ചതായി ചൈനയുടെ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ ബെയ്ജിങില്‍ അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിപ്രശ്‌നം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൈനീസ് നേതാക്കളുമായി ചര്‍ച്ച ചെയ്യാന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇന്നു പുറപ്പെടേണ്ടതായിരുന്നു.
കൂടിക്കാഴ്ച നിശ്ചയിച്ചതിലുള്ള പ്രശ്‌നമാണ് സന്ദര്‍ശനം മാറ്റിവയ്ക്കാന്‍ കാരണമെന്ന് ചൈനീസ് മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, പത്താന്‍കോട് സംഭവവുമായി ബന്ധപ്പെട്ട് ഡോവലിനു മറ്റു ചുമതലകള്‍ ഉള്ളതിനാലാണ് സന്ദര്‍ശനം മാറ്റിവച്ചതെന്നാണ് ഇന്ത്യന്‍ വൃത്തങ്ങള്‍ പറഞ്ഞത്.
Next Story

RELATED STORIES

Share it