ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിന് ഇന്നു മൊഹാലിയില്‍ തുടക്കം; തിരിച്ചടിക്കൊരുങ്ങി ടീം ഇന്ത്യ

മൊഹാലി: നിശ്ചിത ഓവര്‍ ക്രിക്കറ്റായ ട്വന്റിയിലും ഏകദിനത്തിലുമേറ്റ തോല്‍വികള്‍ക്കു പകരംവീട്ടാന്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യ ടെസ്റ്റിനിറങ്ങും. നാലു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മല്‍സരത്തിലാണ് ഇന്നു മൊഹാലി വേദിയാവുന്നത്.
ടെസ്റ്റിലേക്കു വരുമ്പോള്‍ ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍സിയി ലും മാറ്റമുണ്ട്. മഹേന്ദ്രസിങ് ധോണിക്കു പകരം യുവ താരം വിരാട് കോഹ്‌ലിയാണ് ടെസ്റ്റി ല്‍ ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റ് പരമ്പര പോക്കറ്റിലാക്കാന്‍ സാധിച്ചാല്‍ ലോക റാങ്കിങില്‍ രണ്ടാംസ്ഥാനത്തേക്കു കയറാന്‍ ഇന്ത്യക്കാവും.
സ്വന്തം നാട്ടില്‍ കളിച്ചിട്ടും നേരത്തേ നടന്ന ട്വന്റി, ഏകദിന പരമ്പരകളിലേറ്റ തോല്‍വി ഇന്ത്യയുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ പിച്ചുമായും കാലാവസ്ഥയുമായും വളരെ വേഗം ഇഴുകിച്ചേര്‍ന്ന ദക്ഷിണാഫ്രിക്ക തങ്ങളുടെ ഏറ്റ വും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.
പ്രമുഖ പേസര്‍ ഇശാന്ത് ശര്‍മയില്ലാതെയാണ് ഇന്ത്യ ആദ്യ ടെസ്റ്റിനിറങ്ങുന്നത്. ശ്രീലങ്കയ്‌ക്കെതിരായ കഴിഞ്ഞ എവേ ടെസ്റ്റിലെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് വിലക്കുള്ളതിനാലാണ് ഇശാന്തിനു പുറത്തിരിക്കേണ്ടിവന്നത്. ഇശാന്തില്ലാത്തതിനാല്‍ മൂന്നു സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയുള്ള ടീം ലൈനപ്പായിരിക്കും ഇന്ത്യ പരീക്ഷിക്കുകയെന്നാണ് സൂചന. ആര്‍ അശ്വി ന്‍, അമിത് മിശ്ര എന്നിവര്‍ക്കൊ പ്പം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാവും സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യുക. ഒരു ഇടവേളയ്ക്കുശേഷം ജഡേജയുടെ തിരിച്ചുവരവ് മല്‍സരം കൂടിയാണ് ഇന്നത്തേത്. ബാറ്റിങില്‍ ഓപണര്‍ സ്ഥാനത്തേക്ക് മൂന്നു പേരാണ് മല്‍സരരംഗത്തുള്ളത്. സ്ഥിരം ടെസ്റ്റ് ഓപണിങ് സഖ്യമായ ശിഖര്‍ ധവാന്‍, മുരളി വിജയ് എന്നിവരെക്കൂടാതെ ലോകേഷ് രാഹുലും ഓപണിങ് സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, ട്വന്റിയിലും ഏകദിനത്തിലും കാണിച്ച മികവ് ടെസ്റ്റിലും ആവര്‍ത്തിക്കാനൊരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക. പരിചയസമ്പന്നനായ ഹാഷിം അംലയാണ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്.
Next Story

RELATED STORIES

Share it